അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനമായിരുന്നു ബി സയ് സുദര്‍ശന്‍ നടത്തിയത്. 51 പന്തുകളില്‍ നാല് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 103 റണ്‍സ് അടിച്ച് കൂട്ടിയ 22-കാരന്‍ കളം നിറഞ്ഞിരുന്നു. പ്രകടനത്തോടെ ഐപിഎല്ലില്‍ 1000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാന്‍ സായ് സുദര്‍ശന് കഴിഞ്ഞു.
25 ഇന്നിങ്‌സുകളില്‍ നിന്നായി 1034 റണ്‍സാണ് നിലവില്‍ താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമാണ് സായ് സുദര്‍ശന്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് ഗുജറാത്ത് ഓപ്പണര്‍ പഴങ്കഥയാക്കിയത്. ടൂര്‍ണമെന്‍റില്‍ 1000 റണ്‍സിലേക്ക് എത്താന്‍ 31 ഇന്നിങ്‌സുകളായിരുന്നു സച്ചിന് വേണ്ടി വന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദും 31 ഇന്നിങ്‌സുകളില്‍ നിന്നാണ് ടൂര്‍ണമെന്‍റില്‍ 1000 റണ്‍സ് തികച്ചത്. 33 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മയാണ് മൂന്നാം സ്ഥാനത്ത്. 34 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സിലേക്ക് എത്തിയ സുരേഷ് റെയ്‌ന, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് പിന്നില്‍.
അതേസമയം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 35 റണ്‍സിന് തോല്‍പ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിനായി സായ് സുദര്‍ശനെ കൂടാതെ ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലും സെഞ്ചുറി നേടി. 55 പന്തില്‍ ഒമ്പത് ബൗണ്ടറികളും ആറ് സിക്‌സുകളും സഹിതം 104 റണ്‍സായിരുന്നു താരം അടിച്ചത്.
ഇരുവരുടേയും സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 231 റണ്‍സായിരുന്നു ഗുജറാത്ത് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 34 പന്തില്‍ 63 റണ്‍സ് നേടിയ ഡാരില്‍ മിച്ചലായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോററര്‍. മൊയീന്‍ അലി (36 പന്തില്‍ 56), എംഎസ് ധോണി (11 പന്തില്‍ 26*) എന്നിവരാണ് കാര്യമായ പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.
തോല്‍വി ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷ കൂടുതല്‍ സങ്കീര്‍ണമാക്കി. നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീമുള്ളത്. 12 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് ചെന്നൈക്കുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നിവര്‍ക്കും 12 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റ് വീതമുണ്ട്.