ന്യൂഡല്‍ഹി : റാഞ്ചി ടെസ്റ്റിലെ (India vs England 4th Test) തോല്‍വിയോടെ ഇന്ത്യയ്‌ക്ക് എതിരായ പരമ്പര ഇംഗ്ലണ്ട് കൈവിട്ടിരുന്നു. റാഞ്ചിയില്‍ ഒരു ഘട്ടത്തില്‍ മുന്‍തൂക്കം നേടിയതിന് ശേഷമായിരുന്നു ബെന്‍ സ്റ്റോക്‌സും സംഘവും മത്സരം നഷ്‌ടപ്പെടുത്തിയത്. ഇതിന് പിന്നാലെ ബെന്‍ സ്റ്റോക്‌സിന്‍റെ (Ben Stokes) ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ജെഫ്രി ബോയ്‌കോട്ട് (Geoffrey Boycott).
റാഞ്ചിയിലെ നാലാം ഇന്നിങ്‌സില്‍ അനുഭവ സമ്പത്തില്ലാത്ത സ്‌പിന്നര്‍മാരെ ന്യൂബോള്‍ ഏല്‍പ്പിച്ചത് ബെന്‍ സ്റ്റോക്‌സിന് പറ്റിയ ആന മണ്ടത്തരമാണെന്നാണ് അദ്ദേഹം പറയുന്നത്. "എനിക്ക് ബെന്‍ സ്റ്റോക്‌സിന്‍റെ ക്യാപ്റ്റൻസി ഇഷ്‌ടമാണ്. എന്നാല്‍ റാഞ്ചിയിലെ നാലാം ഇന്നിങ്‌സില്‍ ജോ റൂട്ട് ( Joe Root), ടോം ഹാർട്‌ലി ( Tom Hartley) എന്നീ രണ്ട് സ്പിന്നർമാരുമായി ബോളിങ് ഓപ്പണ്‍ ചെയ്‌തത് അദ്ദേഹത്തിന് പറ്റിയ വലിയ പിഴവാണെന്നാണ് എനിക്ക് തോന്നുന്നത്.
ഹാര്‍ഡ് ആയ ന്യൂബോളില്‍ അധിക ബൗണ്‍സും ഒരല്‍പ്പം കൂടി സീമും ലഭിക്കുമെന്നായിരിക്കും സ്റ്റോക്‌സ് ചിന്തിച്ചിട്ടുണ്ടാവുക. എന്നാല്‍ അതിനായി പന്തേല്‍പ്പിച്ചവരുടെ അനുഭവ സമ്പത്ത് പ്രശ്‌നമാണ്. കാരണം ന്യൂബോള്‍ ഉപയോഗിച്ച് സ്‌പിന്‍ ബോള്‍ ചെയ്‌ത് പരിചയമില്ലെങ്കില്‍ വിരലുകളില്‍ നിന്നും അത് തെന്നി മാറാന്‍ വലിയ സാധ്യതയുണ്ട്.
അതിനാല്‍ ശരിയായ ലെങ്‌തില്‍ പന്തെറിയുക എന്നത് അവര്‍ക്ക് പ്രയാസമാവും. ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത് പന്തിന്‍റെ മിനുസം മാറ്റി ഗ്രിപ്പ് ലഭിക്കുന്നതിനായി സ്‌പിന്നര്‍മാര്‍ തുപ്പല്‍ തേച്ച് തടവുന്നതുള്‍പ്പടെയുള്ളവ ചെയ്‌തിരുന്നു. എന്നാല്‍ അതൊക്കെ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നു. അതിനാല്‍ ന്യൂബോള്‍ കൈകാര്യം ചെയ്യുകയെന്നത് അനുഭവ സമ്പത്തില്ലാത്ത സ്‌പിന്നര്‍മാര്‍ക്ക് പ്രയാസമാണ്. റൂട്ടിനേയും ഹാര്‍ട്‌ലിയേയും പന്തേല്‍പ്പിച്ചത് വഴി സ്റ്റോക്‌സിന് പിഴച്ചുവെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്" - ജെഫ്രി ബോയ്‌കോട്ട് പറഞ്ഞു.
റാഞ്ചിയില്‍ ഒരു ഘട്ടത്തില്‍ മുന്‍ തൂക്കം നേടാനായെങ്കിലും ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം 192 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിന് ആതിഥേയര്‍ക്ക് മുന്നില്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും 84 റണ്‍സ് ചേര്‍ത്ത് മിന്നും തുടക്കം നല്‍കി.
ALSO READ: ഐസിസി ടെസ്റ്റ് റാങ്കിങ് : കുതിപ്പുമായി ജുറെല്‍, കോലിക്ക് തൊട്ടുപിന്നിലെത്തി യശസ്വി, ഗില്ലിനും നേട്ടം
എന്നാല്‍ പിന്നീട് 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ കൂടി വീഴ്‌ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ അപരാജിതരായി നിന്ന ശുഭ്‌മാന്‍ ഗില്ലും ധ്രുവ് ജുറെലും ചേര്‍ന്ന് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.