മുംബൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയ താരങ്ങളാണ് റിഷഭ് പന്തും സഞ്‌ജു സാംസണും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ലോകകപ്പ് സ്‌ക്വാഡിലേക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണായകമായത്. രാജസ്ഥാന്‍ റോയല്‍സിനായി റണ്‍സടിച്ച് കൂട്ടുന്ന സഞ്‌ജു സാംസണ്‍ നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്.
12 മത്സരങ്ങളില്‍ നിന്നും 486 റണ്‍സാണ് സഞ്‌ജു നേടിയിട്ടുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും ആദ്യ പത്തില്‍ തന്നെ ഇടം പിടിച്ചിട്ടുണ്ട്. 13 മത്സരങ്ങളില്‍ നിന്നും 446 റണ്‍സുമായി ഒമ്പതാമതാണ് പന്ത്. ഇതോടെ ലോകകപ്പില്‍ ആരാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്ററും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മെന്‍ററുമായ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ കളിക്കാന്‍ ഇരുവര്‍ക്കും ഒരു പോലെ യോഗ്യതയുണ്ടെങ്കിലും താന്‍ പന്തിനെ തെരഞ്ഞെടുക്കുമെന്നാണ് ഗംഭീര്‍ പറഞ്ഞിരിക്കുന്നത്.
ഇതുസംബന്ധിച്ച ഗംഭീറിന്‍റെ വാക്കുകള്‍ ഇങ്ങനെ..... "തുല്യ നിലവാരമുള്ള താരങ്ങളാണ് സഞ്‌ജുവും റിഷഭ് പന്തും. അതുകൊണ്ടുതന്നെ ഇവരിലൊരാളെ തെരഞ്ഞെടുക്കുകയെന്നത് ക്യാപ്റ്റൻ രോഹിത് ശര്‍മയെ സംബന്ധിച്ച് പ്രയാസകരമായ കാര്യമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍, ഞാൻ റിഷഭ് പന്തിനെയാവും തെരഞ്ഞെടുക്കുക.
കാരണം അവന്‍ മധ്യനിര ബാറ്ററാണ്. ഐപിഎല്ലിലേക്ക് നോക്കുകയാണെങ്കില്‍ സഞ്‌ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ പന്ത് അഞ്ചും ആറും ഏഴും നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ നോക്കുകയാണെങ്കില്‍ ആ സ്ഥാനത്താണ് നമുക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററെ വേണ്ടത്.
അല്ലാതെ ടോപ്പ് ഓർഡറിലല്ല. അതിനാൽ തന്നെ ഞാന്‍ പന്തിനെ തെരഞ്ഞെടുക്കും. കൂടാതെ അവന്‍ ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ കൂടിയാണ്. ഇത് മധ്യനിരയില്‍ ഇടതു- വലത് കോമ്പിനേഷന്‍ കൊണ്ടുവരികയും ചെയ്യും" - ഗൗതം ഗംഭീര്‍ പറഞ്ഞു.
ആറോ ഏഴോ നമ്പറിൽ സഞ്ജുവിന് കൂടുതൽ റൺസ് നേടാനാന്‍ കഴിയുമെന്നുണ്ടെങ്കില്‍ മാനേജ്‌മെന്‍റ് താരത്തെ കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു. സഞ്ജുവിനെയും പന്തിനെയും ഒരേസമയം പ്ലെയിങ് ഇലവനില്‍ ഇറക്കാനുള്ള സാധ്യത കുറവാണ്. പ്ലെയിങ് ഇലവനില്‍ ആരെത്തിയാലും അയാളെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്. റിഷഭ് പന്തോ സഞ്ജുവോ ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ അവരെ വിമർശിക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യരുതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.