പാരിസ്: ഫ്രഞ്ച് ലീഗിൽ (French league) മോണ്ട്പെല്ലിയറിനെതിരെ (Montpellier) പിഎസ്‌ജിയുടെ (PSG) ആറാട്ട്. സൂപ്പർ സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെ (Kylian Mbappe) ഹാട്രിക്കും അസിസ്റ്റുമായി കളം നിറഞ്ഞ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോള്‍ക്കാണ് പിഎസ്‌ജി ജയം പിടിച്ചത്. എംബാപ്പെയെ കൂടാതെ വിറ്റിഞ്ഞ ( Vitinha), ലീ കാങ് ഇൻ (Lee Kang-in), നൂനോ മെൻഡസ് ( Nuno Mendes) എന്നിവരും പിഎസ്‌ജിയ്‌ക്കായി ലക്ഷ്യം കണ്ടു.
മോണ്ട്പെല്ലിയറിനായി ആർനോഡ് നോർഡിൻ , ടെഡി സവാനിയർ എന്നിവരാണ് ഗോളടിച്ചത്. മോണ്ട്പെല്ലിയറിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 14-ാം മിനിട്ടില്‍ തന്നെ പിഎസ്‌ജി മുന്നിലെത്തിയിരുന്നു. 14ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ വിറ്റിഞ്ഞയാണ് ലക്ഷ്യം കണ്ടത്.
ആദ്യ ഗോളിന് വഴിയൊരുക്കിയ എംബാപ്പെ 22-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ പിഎസ്‌ജി രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. മുവാനിയുടെ പാസില്‍ എംബാപ്പെയുടെ ഇടങ്കാലന്‍ ഷോട്ടാണ് മോണ്ട്പെല്ലിയറിന്‍റെ വലകുലുക്കിയത്. എന്നാല്‍ പിന്നീട് മോണ്ട്‌പെല്ലിയറിന്‍റെ തിരിച്ചടിയാണ് കാണാന്‍ കഴിഞ്ഞത്.
30-ാം മിനിട്ടില്‍ ആർനോഡ് നോർഡിനാണ് ആദ്യ ഗോള്‍ മടക്കിയത്. പിന്നീട് സാനിയോ പെരേരയുടെ ഗോൾലൈൻ സേവ് പിഎസ്‌ജിയുടെ രക്ഷയ്‌ക്കെത്തിയെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്ത് ആതിഥേയര്‍ ഒപ്പം പിടിച്ചു. പെനാല്‍റ്റിയിലൂടെ 47-ാം മിനിട്ടില്‍ മോണ്ട്പെല്ലിയര്‍ ക്യാപ്റ്റന്‍ ടെഡി സവാനീറാണ് പിഎസ്‌ജിയുടെ വലയില്‍ പന്തെത്തിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ പിഎസ്‌ജി കൂടുതല്‍ ശക്തമായി ആക്രമിച്ചു. 50-ാം മിനിട്ടില്‍ എംബാപ്പെയും 53-ാം മിനിട്ടില്‍ ലീ കാങ് ഇനും തുടര്‍പ്രഹരം നല്‍കി. ഇതോടെ 2-4ന് പിഎസ്‌ജി മിന്നില്‍. ഇവിടംകൊണ്ടു നിര്‍ത്താന്‍ എംബാപ്പെയും പിഎസ്‌ജിയും തയ്യാറായിരുന്നില്ല.
10 മിനിട്ടുകള്‍ക്കകം എംബാപ്പെയുടെ ഹാട്രിക് ഗോള്‍. വിറ്റിഞ്ഞ ഉയർത്തി നൽകിയ പന്തിലായിരുന്നു എംബാപ്പെ ലക്ഷ്യം കണ്ടത്. പിഎസ്‌ജിക്കായി താരത്തിന്‍റെ 250-ാം ഗോളാണിത്. സീസണില്‍ താരം നേടുന്ന 24-ാമത്തെ ലീഗ് ഗോള്‍ കൂടിയാണിത്. മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പിഎസ്‌ജി മോണ്ട്‌പെല്ലിയറിന്‍റെ പെട്ടിയില്‍ അവസാന ആണിയടിക്കുന്നത്.
89-ാം മിനിട്ടില്‍ വിറ്റിഞ്ഞയുടെ തന്നെ അസിസ്റ്റിൽ നൂനോ മെൻഡസായിരുന്നു ലക്ഷ്യം കണ്ടത്. റെയിംസ്, മൊണാക്കോ, റെന്നസ് എന്നീ ടീമുകളോടുള്ള തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്ക് ശേഷം പിഎസ്‌ജിയുടെ ആദ്യ വിജയമാണിത്. ലീഗില്‍ ഇനി എട്ട് റൗണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ നിലവില്‍ പിഎസ്‌ജിക്ക് 59 പോയിന്‍റായി.
കളിച്ച 26 മത്സരങ്ങളില്‍ നിന്നും 17 വിജയങ്ങളും എട്ട് സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രെസ്റ്റിനേക്കാൾ നിലവില്‍ 12 പോയിന്‍റിന്‍റെ ലീഡാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കുള്ളത്. 26 മത്സരങ്ങളില്‍ നിന്നും 47 പോയിന്‍റാണ് ബ്രെസ്റ്റിനുള്ളത്. മൂന്നാം സ്ഥാനക്കാരായ മൊണോക്കോയ്‌ക്ക് 46 പോയിന്റാണുള്ളത്.