പാരീസ്: ഫ്രാൻസിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ അന്‍റോയിൻ ഗ്രീസ്‌മാൻ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്. തന്‍റെ ആരാധകരും ടീമംഗങ്ങളും നല്‍കിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു. അന്താരാഷ്ട്ര കരിയറിൽ ഗ്രീസ്‌മാൻ 137 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. 44 ഗോളുകൾ ഫ്രഞ്ച് ടീമിനായി നേടി.
2018ൽ ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു. ഫ്രാൻസിന്‍റെ രണ്ടാം ലോകകപ്പ് ട്രോഫി ഉറപ്പാക്കുന്നതിൽ താരം നിർണായക പങ്ക് വഹിച്ചു. ഗ്രീസ്‌മാന്‍റെ പത്തുവർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരമമായത്. 2014ലായിരുന്നു ഫ്രാൻസ് സീനിയർ ടീമിനൊപ്പം താരം ചേരുന്നത്. 2018ലെ റഷ്യൻ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽനിന്നായി നാല് ഗോളുകൾ സ്വന്തമാക്കി. ഫ്രാന്‍സിനെ യൂറോ 2016 ന്‍റെ ഫൈനലിലെത്താൻ സഹായിച്ച ഗ്രീസ്‌മാൻ ടൂർണമെന്‍റില്‍ ആറ് ഗോളുകളുമായി ടോപ്പ് സ്‌കോററായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2022ൽ ലോകകപ്പിന്‍റെ ഫൈനലിലും 2021ൽ യുവേഫ നേഷൻസ് ലീഗ് നേടിയ ഫ്രാൻസ് ടീമിലും ഗ്രീസ്‌മാൻ അംഗമാണ്. 2010ല്‍ ഫ്രാൻസിന്‍റെ അണ്ടർ 19 ടീമിനായി കളിച്ചാണ് താരം ദേശീയ ടീമിൽ ഇടംനേടിയത്. പിന്നീട് അണ്ടർ 20, 21 ടീമുകൾക്കായും കളിച്ചു. ഈ മാസമാദ്യം ബെൽജിയത്തിൽ നടന്ന യുവേഫ നേഷൻസ് ലീഗ് വിജയത്തിലാണ് ഫ്രാൻസിനായി ഗ്രീസ്‌മാൻ അവസാനമായി കളിച്ചത്.