ബെർലിൻ: ബെൽജിയത്തെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പ് ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് പടയുടെ ജയം. മത്സരത്തിൽ ഉടനീളം മികച്ച മുന്നേറ്റം നടത്തിയിട്ടും ഗോൾ അടിക്കാൻ മറന്ന ഫ്രാൻസ് 85-ാം മിനിറ്റില്‍ ലഭിച്ച സെൽഫ് ഗോളിലാണ് ജയം പിടിച്ചത്.
മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തന്നെ ബെൽജിയം ബോക്സിലേക്കിരച്ചെത്താൻ ഫ്രഞ്ച് പടയ്ക്കായി. അന്റോയിൽ ഗ്രീസ്മാൻ കിലിയൻ എംബാപ്പെ എന്നിവർ ചേർന്ന് ഡി ബ്രൂയിനെയും സംഘത്തെയും വിറപ്പിച്ചു. ബെൽജിയം പ്രതിരോധനിരയുടെ ഇടപെടലുകളാണ് ഫ്രാൻസിന് ഗോൾ നിഷേധിച്ചത്.
An own goal from Jan Vertonghen sees France defeat Belgium 1️⃣-0️⃣ to move into the last eight 🇫🇷 💪#SonySportsNetwork #EURO2024 #FRABEL pic.twitter.com/PUM9IqcDxK
— Sony Sports Network (@SonySportsNetwk) July 1, 2024
പതിയെ ബെൽജിയവും താളം കണ്ടെത്തി. ഫ്രാൻസ് ഗോൾ മുഖം ലക്ഷ്യമാക്കി അവരുടെയും മുന്നേറ്റം. കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടാനുള്ള ബെൽജിയത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. മറുവശത്ത് കിട്ടിയ അവസരങ്ങൾ ഫ്രാൻസിനും മുതലാക്കാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഫ്രാൻസ് ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി. 53-ാം മിനിറ്റില്‍ എംബാപ്പെയുടെ തകര്‍പ്പൻ ഒരു ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെയാണ് പോയത്. 61-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്‍റെ യാനിക് കരാസ്‌കോയുടെ ഷോട്ട് ഫ്രാൻസിന്‍റെ തിയോ ഹെര്‍ണാണ്ടസ് ബ്ലോക്ക് ചെയ്‌തു.
85-ാം മിനിറ്റിലാണ് ഫ്രാൻസിന്‍റെ ഗോള്‍ വന്നത്. കോലോ മുവാനി ബെല്‍ജിയം ഗോള്‍ വല ലക്ഷ്യമാക്കി പായിച്ച ഷോട്ട് തടയാനുള്ള അവരുടെ പ്രതിരോധ നിരതാരം ജാൻ വെര്‍ടഗന് പിഴച്ചു. താരത്തിന്‍റെ കാലില്‍ തട്ടിയ പന്ത് ഗോളായി മാറുകയായിരുന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാതിരുന്ന ബെല്‍ജിയം യൂറോ കപ്പില്‍ നിന്നും പുറത്താകുകയായിരുന്നു.