ഫുട്ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ജീവന്‍ നഷ്ടമായി. പെറുവിലെ ഹുവാന്‍കയോയിലാണ് ദാരുണ സംഭവം നടന്നത്. ഉവെൻറുഡ് ബെല്ലവിസ്റ്റയും ഫാമിലിയ കൊക്കയും തമ്മിലുള്ള മത്സരത്തിനിടെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ പെയ്തതോടെ മത്സരം നിര്‍ത്തിവച്ചു. ഉടനെ റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
താരങ്ങള്‍ തിരിച്ചു മടങ്ങുന്നതിനിടെയാണ് മിന്നലുണ്ടായത്. ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസയ്ക്ക് എന്ന കളിക്കാരനാണ് ഇടിമിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തല്‍ക്ഷണം മരിച്ചുവീണു. പരുക്കേറ്റ മറ്റു താരങ്ങളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഗോൾകീപ്പറായ ജുവാൻ ചോക്ക ലാക്ടക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. പുറത്തുവന്ന വീഡിയോയില്‍ ഇടിമിന്നലേറ്റ് വീഴുന്ന താരങ്ങളെ കാണാവുന്നതാണ്.
CRAZY: Lightning killed a football player during a match in Peru and injured five others, they are in hospital with serious burns
— First Source Report (@FirstSourceNew) November 4, 2024
What a crazy and a random thing. Insane. pic.twitter.com/aRZsRCaEJo
കഴിഞ്ഞ ഓഗസ്റ്റില്‍ ജാർഖണ്ഡിലെ സിംഡേഗയിൽ ഇടിമിന്നലേറ്റ് മൂന്ന് ഹോക്കി താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ അഞ്ച് കളിക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മഴയിൽ നിന്ന് രക്ഷനേടാൻ മരത്തിന് താഴെ നിൽക്കുകയായിരുന്നു താരങ്ങള്‍.
ഇനോസ് ബുദ്ധ് (22), സെജൻ ബുദ്ധ് (30), സെനൻ ഡാങ് (30) എന്നിവരാണ് മരിച്ചത്, പത്രാസ് ഡാങ്, ക്ലെമന്‍റ് ബാഗ്, പാട്രിക് ബാഗ്, ജിലേഷ് ബാഗ്, സലിം ബാഗ് എന്നിവർക്കാണ് പരുക്കേറ്റത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്‍റിന്‍റെ സെമിഫൈനലിൽ ടീമുകൾ ഏറ്റുമുട്ടാനിരിക്കെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം നടന്നത്.