ആലപ്പുഴ: എഴുപതാമത് നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പുന്നമടക്കായലില്‍ നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടനസമ്മേളനം. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. 19 ചുണ്ടന്‍ വള്ളങ്ങളുണ്ട്. രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും. ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടക്കുക. ഉച്ചയ്‌ക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകിട്ട് നാലുമുതലാണ് ഫൈനൽ മത്സരം.
അഞ്ച് ഹീറ്റ്‌സാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിലുള്ളത്. ആദ്യ നാല് ഹീറ്റ്‌സിൽ നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളും മത്സരത്തിനിറങ്ങും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങള്‍ നെഹ്‌റുട്രോഫി ഫൈനൽ മത്സരത്തിന് പോരാടും. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം നോക്കിയാണ് വിജയികളെ തീരുമാനിക്കുന്നത്.
വള്ളംകളിയുടെ ഭാഗമായി കർശന സുരക്ഷയാണ് ഒരുക്കിയത്. പാസുള്ളവർക്ക് മാത്രമാണ് മത്സരം ഗാലറികളിലേക്ക് പ്രവേശനം. ഓഗസ്റ്റ് 10നു നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ വള്ളംകളി.
Also Read: ഗംഭീറിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത, ഞെട്ടി സിഎസ്‌കെ ആരാധകര്‍ - IPL 2025 KKR