ബെര്‍ലിന്‍: യൂറോ കപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍ക്ക് സമ്മാനിക്കുന്ന ഗോള്‍ഡൻ ബൂട്ടിന് ഇത്തവണ അര്‍ഹരായത് ആറ് താരങ്ങള്‍. സ്പെയിന്‍റെ ഡാനി ഒല്‍മോ, ഇംഗ്ലീഷ് ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ, ജര്‍മനിയുടെ ജമാല്‍ മുസിയാല, ഡച്ച് താരം കോഡി ഗാക്‌പോ, സ്ലൊവാക്യയുടെ ഇവാന്‍ സ്‌ക്രാന്‍സ്, ജോര്‍ജിയയുടെ മിക്കോട്ടഡ്‌സെ എന്നിവരാണ് ഇക്കുറി ഗോള്‍ഡൻ ബൂട്ടിന് അര്‍ഹരായത്. മൂന്ന് ഗോളുകളായിരുന്നു ആറ് താരങ്ങളും ഇത്തവണത്തെ യൂറോ കപ്പില്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്.
കഴിഞ്ഞ യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കിയത്. അഞ്ച് ഗോളായിരുന്നു അന്ന് റൊണാള്‍ഡോ നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ പാത്രിക് ഷിക്കും അഞ്ച് ഗോള്‍ നേടിയെങ്കിലും ടൂര്‍ണമെന്‍റില്‍ നല്‍കിയ അസിസ്റ്റുകളുടെ എണ്ണം കൂടി പരിഗണിച്ചാണ് റൊണാള്‍ഡോയെ ഗോള്‍ഡൻ ബൂട്ട് വിന്നറായി പരിഗണിച്ചത്.
എന്നാല്‍, ഇത്തവണ അസിസ്റ്റുകളുടെ എണ്ണം പരിഗണിക്കാതെയാണ് ഗോള്‍ഡൻ ബൂട്ട് വിതരണം ചെയ്‌തത്. ഗോള്‍ഡൻ ബൂട്ടിന് അര്‍ഹരായ താരങ്ങളില്‍ ഹാരി കെയ്‌ൻ മാത്രമാണ് ടൂര്‍ണമെന്‍റിലെ മുഴുവൻ മത്സരങ്ങളും കളിച്ചത്. കലാശപ്പോരിനിറങ്ങിയ സ്‌പാനിഷ് താരം ഡാനി ഒല്‍മോ അഞ്ച് മത്സരങ്ങളില്‍ നിന്നാണ് മൂന്ന് ഗോള്‍ നേടിയത്. ജര്‍മനിയുടെ മുസിയാലയും അഞ്ച് കളികളായിരുന്നു ടൂര്‍ണമെന്‍റില്‍ കളിച്ചത്. കോഡി ഗാപ്‌കോ ആറ് കളിയില്‍ നിന്നും മിക്കോട്ടഡ്‌സെ, സ്ക്രാൻസ് എന്നിവര്‍ നാല് മത്സരങ്ങളില്‍ നിന്നുമായിരുന്നു മൂന്ന് ഗോളുകള്‍ നേടിയത്.
Also Read : 'യവൻ പുലിയാണ് കേട്ടാ...!' യൂറോയിലെ മികച്ച യുവതാരമായി ലാമിൻ യമാല്‍