ലണ്ടൻ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരീശീലക സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ആരാധകര്‍ക്ക് തുറന്ന കത്തുമായി എറിക് ടെൻ ഹാഗ്. ക്ലബിനായി എപ്പോഴും തന്‍റെ കൂടെയുണ്ടായിരുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ ടെൻ ഹാഗ് യുണൈറ്റഡിനായി കൂടുതല്‍ കിരീടങ്ങള്‍ നേടുകയെന്ന സ്വപ്‌നം അവസാനിച്ചതായും കുറിച്ചു. ഇംഗ്ലീഷ് ക്ലബിന് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ സാധിക്കട്ടെയേന്ന് ആശംസിച്ചുകൊണ്ട് കൂടിയാണ് ടെൻ ഹാഗിന്‍റെ കത്ത് അവസാനിക്കുന്നത്.
'ആരാധകര്‍ക്കാണ് ഞാൻ ആദ്യം നന്ദി പറയുന്നത്. ക്ലബിനൊപ്പം എല്ലായിപ്പോഴും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ഓള്‍ഡ് ട്രാഫോര്‍ഡിലാണെങ്കിലും മറ്റ് എവിടെയാണെങ്കിലും നിങ്ങളുടെ പിന്തുണ അചഞ്ചലമായിരുന്നു.
ഓള്‍ഡ് ട്രാഫോര്‍ഡിലെ അന്തരീക്ഷം ആവേശമാക്കുന്നത് നിങ്ങളായിരുന്നു. സ്വന്തം ഗ്രൗണ്ടിലും അതുപോലെ എതിരാളികളുടെ ഹോം ഗ്രൗണ്ടിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചാന്‍റുകള്‍ കേട്ടിരുന്നത് പ്രത്യേക അനുഭൂതി തന്നെയായിരുന്നു.
Thank you Eric ten hag lad pic.twitter.com/LDhCuMpWl8
— BigRed (@BigRedDevils) November 1, 2024
ലോകത്തിന്‍റെ ഏത് കോണില്‍ വച്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരെ കണ്ടുമുട്ടുന്നത് ഞാൻ ആസ്വദിച്ചിരുന്നു. നിങ്ങളോടുള്ള ആശയവിനിമയം എന്നെ കൂടുതല്‍ പ്രചോദിപ്പിച്ചിട്ട് മാത്രമേയുള്ളൂ. അതാണ് നിങ്ങളെ കൂടുതല്‍ സവിശേഷമാക്കുന്നത്.
നല്ല സമയത്തും മോശം സമയത്തും പിന്തുണ നല്‍കിയ ക്ലബ്ബിൻ്റെ എല്ലാ ഡിപ്പാർട്ട്‌മെൻ്റിലെയും സ്റ്റാഫിനോടും നന്ദി പറയുന്നു. യുണൈറ്റഡിനൊപ്പം രണ്ട് ട്രോഫികള്‍ നേടാൻ സാധിച്ചത് എന്‍റെ ജീവിതത്തിലെ തന്നെ വിലമതിക്കാൻ സാധിക്കാത്ത നിമിഷമാണ്. ടീമിന്‍റെ ക്യാബിനിലേക്ക് കൂടുതല്‍ കിരീടങ്ങള്‍ എത്തിക്കുക്ക എന്നതായിരുന്നു എന്‍റെ പ്രധാന സ്വപ്‌നം, നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആരാധകരുടെ ഈ പിന്തുണ സ്വന്തം വീട് പോലെയൊരു അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്. എന്‍റെ ജീവിതത്തിലെ ഈ അധ്യായത്തിനും നന്ദി. ടീമിനും ആരാധകര്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ എല്ലാ ആശംസകളും നേരുന്നു'- എറിക് ടെൻ ഹാഗ് അഭിപ്രായപ്പെട്ടു.
2022ലായിരുന്നു ഡച്ചുകാരനായ ടെൻ ഹാഗ് യുണൈറ്റഡിന്‍റെ പരിശീലകനായി ചുമതലയേറ്റെടുക്കുന്നത്. അദ്ദേഹത്തിന് കീഴില്‍ രണ്ട് ആഭ്യന്തര കിരീടങ്ങള്‍ മാത്രമാണ് ഇംഗ്ലീഷ് വമ്പന്മാരായ യുണൈറ്റഡിന് നേടാനായത്. ഈ സീസണിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളായിരുന്നു ടെൻ ഹാഗിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 9 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 3 ജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കാനായത്. രണ്ട് സമനിലയും നാല് തോല്‍വിയും വഴങ്ങിയ അവര്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ 14-ാം സ്ഥാനത്താണ്.
അതേസമയം, എറിക് ടെൻ ഹാഗിന്‍റെ പകരക്കാരനായി റൂബെൻ അമോറിമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിയമിച്ചിട്ടുണ്ട്. മുൻ പോര്‍ച്ചുഗല്‍ താരവും സ്പോര്‍ട്ടിങ് പരിശീലകനുമായ അമോറിം ഈ മാസം 11നാണ് ക്ലബിന്‍റെ ചുമതലയേറ്റെടുക്കുക. 2027 ജൂണ്‍ വരെയാണ് യുണൈറ്റഡുമായി റൂബെൻ അമോറിമിന്‍റെ കരാര്‍.
Also Read : റോഡ്രി വേറെ ലെവല്‍; സമൂഹമാധ്യമ അക്കൗണ്ടോ, ടാറ്റുവോ ഇല്ല, ശമ്പളത്തിന്‍റെ ഒരു ഭാഗം ചാരിറ്റിക്ക്