ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ദയനീയ പ്രകടനമായിരുന്നു ക്യാപ്റ്റന്‍ ഒല്ലി പോപ്പ് നടത്തിയത്. പരിക്കേറ്റ് പുറത്തായ ബെന്‍ സ്റ്റോക്‌സിന്‍റെ പകരക്കാരനായി ഇംഗ്ലണ്ടിനെ നയിക്കുന്ന പോപ്പിന് ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 30 റണ്‍സാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മൂന്നാം ടെസ്റ്റിന് ഹോം ഗ്രൗണ്ടായ ഓവലില്‍ ഇറങ്ങിയപ്പോള്‍ പോപ്പ് തന്‍റെ തനിസ്വരൂപം പുറത്തെടുത്തു.
ആദ്യ ദിനം ആപരാജിത സെഞ്ചുറിയുമായാണ് 26-കാരന്‍ തിളങ്ങിയത്. ടെസ്റ്റില്‍ തന്‍റെ ഏഴാം സെഞ്ചുറിയാണ് ഒല്ലി പോപ്പ് ലങ്കയ്‌ക്ക് എതിരെ സ്വന്തമാക്കിയത്. ഇതുവരെ നേടിയ ഏഴ് സെഞ്ചുറികളും ഏഴ് എതിരാളികള്‍ക്ക് എതിരെയാണ് ഇംഗ്ലീഷ് താരം നേടിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു താരത്തിന്‍റെ പ്രകടനം ഉണ്ടാവുന്നത്. അതായത് സാക്ഷാല്‍ ഡൊണാൾഡ് ബ്രാഡ്‌മാനോ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കോ ബ്രയാന്‍ ലാറയ്‌ക്കോ പോലും കഴിയാത്ത നേട്ടം. ലങ്കയ്‌ക്കെതിരെ പതിഞ്ഞും തെളിഞ്ഞും കളിച്ച പോപ്പ് 103 പന്തില്‍ 103* റണ്‍സായിരുന്നു നേടിയത്.
2020 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെന്‍റ് ജോര്‍ജ്‌സ് പാര്‍ക്കിലാണ് ഒല്ലി പോപ്പ് തന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 135* റണ്‍സായിരുന്നു സമ്പാദ്യം. ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നോട്ടിങ്‌ഹാമില്‍ താരം 145 റണ്‍സടിച്ചു. ഡിസംബറില്‍ പാകിസ്ഥാനെതിരെ റാവല്‍പിണ്ഡിയില്‍ 108 റണ്‍സ് അടിച്ച് താരം തന്‍റെ മൂന്നാം സെഞ്ചുറിയും സ്വന്തമാക്കി.
2023 ജൂണില്‍ അയര്‍ലന്‍ഡിനെതിരെ ലോര്‍ഡ്‌സില്‍ 205 റണ്‍സായിരുന്നു പോപ്പ് അടിച്ച് കൂട്ടിയത്. താരത്തിന്‍റെ ഏക ഇരട്ട സെഞ്ചുറിയും ഇതാണ്. 2024 ജനുവരിയില്‍ ഹൈദരാബാദില്‍ ഇന്ത്യയ്‌ക്ക് എതിരെയാണ് പോപ്പ് ടെസ്റ്റില്‍ തന്‍റെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. 196 റണ്‍സായിരുന്നു സമ്പാദ്യം. ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നോട്ടിങ്ഹാമിലായിരുന്നു പോപ്പിന്‍റെ ആറാം സെഞ്ചുറി. 121 റണ്‍സാണ് അന്ന് പോപ്പ് സ്‌കോര്‍ ചെയ്‌തത്. ഇപ്പോള്‍ ലങ്കയ്‌ക്കെതിരെയും മൂന്നക്കം തൊട്ടാണ് പോപ്പ് ചരിത്രപുസ്‌തകത്തില്‍ തന്‍റെ പേര് ചേര്‍ത്തത്.