അഹമ്മദാബാദ് : ഐപിഎല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ് വെറ്ററൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടമായിരുന്നു ആര്‍സിബി താരത്തിന്‍റെ കരിയറിലെ അവസാന മത്സരം. മത്സരത്തില്‍ ബെംഗളൂരു നാല് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു.
മത്സരത്തിന് ശേഷം ഗ്ലൗസ് ഊരി കാണികളെ അഭിവാദ്യം ചെയ്‌ത ശേഷമാണ് ദിനേശ് കാര്‍ത്തിക് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. രാജസ്ഥാനെതിരായ തോല്‍വിയില്‍ വിഷമിച്ച കാര്‍ത്തിക്കിനെ വിരാട് കോലി ആശ്വസിപ്പിച്ചിരുന്നു. കൂടാതെ, മത്സരശേഷം ആര്‍സിബി താരങ്ങള്‍ കാര്‍ത്തിക്കിന് ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത് തന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് കാര്‍ത്തിക് വ്യക്തമാക്കിയതാണ്. ഐപിഎല്‍ കരിയറില്‍ 257 മത്സരങ്ങളില്‍ നിന്നും 4842 റണ്‍സാണ് 38കാരനായ താരം അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളിലാണ് കാര്‍ത്തിക് തന്‍റെ കരിയര്‍ അവസാനിപ്പിക്കുന്നത്.
ഐപിഎല്‍ കരിയറില്‍ ആറ് ടീമുകള്‍ക്കായാണ് കാര്‍ത്തിക് കളത്തിലിറങ്ങിയത്. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് (ഡല്‍ഹി ക്യാപിറ്റല്‍സ്) കാര്‍ത്തിക് ഐപിഎല്ലിലെ യാത്ര തുടങ്ങിയത്. 2011ല്‍ പഞ്ചാബ് കിങ്‌സിലും തുടര്‍ന്നുള്ള രണ്ട് സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെയും ഭാഗമായ താരം 2014ല്‍ തിരികെ ഡല്‍ഹിയിലേക്ക് വീണ്ടുമെത്തി.
2015ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പവും 2016, 2017 വര്‍ഷങ്ങളില്‍ ഗുജറാത്ത് ലയണ്‍സിനൊപ്പവുമായിരുന്നു കാര്‍ത്തിക് കളിച്ചത്. 2018-21 വരെയുള്ള കാലയളവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്ന കാര്‍ത്തിക് അവരുടെ ക്യാപ്‌റ്റനായും കളത്തിലിറങ്ങി. 2022ല്‍ ആണ് താരം വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് എത്തുന്നത്.
ആര്‍സിബിയിലേക്ക് മടങ്ങിയെത്തിയ ആദ്യ സീസണിലും തകര്‍പ്പൻ പ്രകടനമായിരുന്നു താരം കാഴ്‌ചവച്ചത്. 2022ല്‍ ബെംഗളൂരുവിനായി 183 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് അടിച്ചതോടെ ആ വര്‍ഷം നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും താരം സ്ഥാനം കണ്ടെത്തി. എന്നാല്‍, ലോകകപ്പില്‍ മികവ് കാട്ടാൻ സാധിക്കാതെ വന്നതോടെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്‌ടമായി.
ഇതിന് പിന്നാലെ കമന്‍ററി രംഗത്തും താരം സജീവമായി. കമന്‍ററിയില്‍ നിന്നാണ് ഈ വര്‍ഷം ഐപിഎല്‍ കളിക്കാൻ കാര്‍ത്തിക് എത്തിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയ്‌ക്കായി കളിക്കാൻ താത്പര്യമുണ്ടെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടെങ്കിലും സ്ക്വാഡില്‍ ഇടം കണ്ടെത്താൻ താരത്തിനായില്ല.
ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ കുതിപ്പിന് ഊര്‍ജം പകര്‍ന്നവരില്‍ പ്രധാനിയാണ് ദിനേശ് കാര്‍ത്തിക്. ആര്‍സിബിയുടെ ഫിനിഷര്‍ റോളില്‍ തകര്‍ത്തടിച്ച ഡികെ 326 റണ്‍സാണ് ഈ വര്‍ഷം സ്വന്തമാക്കിയത്. 187.35 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ഈ വര്‍ഷം ബെംഗളൂരുവിനായി ബാറ്റ് വീശിയത്.