ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024 ) 17-ാം പതിപ്പിന്‍റെ ആദ്യ വിജയമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെതിരെ നേടിയത്. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. വിരാട് കോലി (Virat Kohli) അടിത്തറ ഒരുക്കിയപ്പോള്‍ പൂര്‍ത്തിയാക്കിയത് ദിനേശ് കാര്‍ത്തിക്കാണ് (Dinesh Karthik).
ഏറെ സമ്മര്‍ദം നിറഞ്ഞ ഘട്ടത്തില്‍ നിന്നായിരുന്നു ദിനേശ് കാര്‍ത്തിക് കളി ബെംഗളൂരുവിന്‍റെ വരുതിയിലേക്ക് എത്തിച്ചത്. ഒരു പക്ഷെ, ഐപിഎല്ലില്‍ തന്‍റെ അവസാന സീസണ്‍ കളിക്കുന്ന 38-കാരന്‍ കമന്‍ററിയിലാണ് നിലവില്‍ സജീവമായിട്ടുള്ളത്. അതിശയോക്തിയില്ലാതെ പറയുകയാണെങ്കില്‍ കമന്‍ററി ബോക്‌സില്‍ നിന്നും ഇറങ്ങി വന്നായിരുന്നു ഡികെയുടെ മരണമാസ് പ്രകടനം. അതും ക്രിക്കറ്റിലെ യുവ രക്തങ്ങളെ തീര്‍ത്തും നിഷ്‌പ്രഭരാക്കി.
16-ാം ഓവറിന്‍റെ അവസാന പന്തില്‍ വിരാട് കോലി പുറത്തായതോടെ ഏഴാം നമ്പറില്‍ ഡികെ ക്രീസിലേക്ക് എത്തുമ്പോള്‍ 47 റണ്‍സായിരുന്നു ലക്ഷ്യം മറികടക്കാനായി ബെംഗളൂരുവിന് വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിന്‍റെ രണ്ടാം പന്തില്‍ അനൂജ് റാവത്തിനെ വീഴ്‌ത്താനായാതോടെ പഞ്ചാബ് ഏറെ ജയം കൊതിച്ചു. എന്നാല്‍, തുടര്‍ന്നെത്തിയ മഹിപാര്‍ ലോംറോര്‍ പിന്തുണ നല്‍കിയതോടെ ഡികെയും കത്തിക്കയറി.
അവസാന 12 പന്തുകളില്‍ ബെംഗളൂരുവിന് വിജയത്തിനായി വേണ്ടിയിരുന്നത് 23 റണ്‍സാണ്. പഞ്ചാബ് നിരയില്‍ പന്തെറിയാന്‍ ബാക്കിയുള്ളതാവട്ടെ ഡെത്ത് ഓവറുകള്‍ ഏറെ കൈകാര്യം ചെയ്‌ത് പരിചയമുള്ള ഹര്‍ഷല്‍ പട്ടേലും, അര്‍ഷ്‌ദീപ് സിങ്ങും സാം കറനും ഉള്‍പ്പെടെയുള്ള താരങ്ങള്‍. ഇതോടെ ബെംഗളൂരുവിന്‍റെ തട്ടകത്തില്‍ നിന്നും വിജയം നേടിത്തന്നെ തിരികെ മടങ്ങാമെന്ന് ശിഖര്‍ ധവാനും സംഘവും കണക്ക് കൂട്ടി.
19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് പഞ്ചാബ് നായകന്‍ പന്തേല്‍പ്പിച്ചത്. ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെ ആകെ 13 റണ്‍സാണ് ഡികെ ഈ ഓവറില്‍ നേടിയത്. ലക്ഷ്യം അവസാന ഓവറില്‍ 10 റണ്‍സിലേക്ക് എത്തി. സ്‌ട്രൈക്കിലുണ്ടായിരുന്ന ഡികെയ്‌ക്ക് എതിരാളിയായി എത്തിയത് യുവരക്തം അര്‍ഷ്‌ദീപ് സിങ്. ആരാധകര്‍ക്കും ആര്‍സിബി ബോക്‌സിലും പിരിമുറുക്കം.
ഇന്ത്യന്‍ ടീമിനായി ഉള്‍പ്പെടെ സമാന സാഹചര്യം കൈകാര്യം ചെയ്‌ത് മികവ് തെളിയിച്ച താരമാണ് അര്‍ഷ്‌ദീപ്. എന്നാല്‍ എന്തിനും തയ്യാറായൊരു പോരാളിയായി ഡികെ ബാറ്റേന്തി. ആദ്യ പന്ത് സ്‌കൂപ് ചെയ്‌ത് സിക്‌സറിന്. സമ്മര്‍ദം പഞ്ചാബ് ബോളര്‍ക്ക്. തൊട്ടടുത്ത പന്ത് വൈഡ്.
ALSO READ: ചിന്നസ്വാമിയിലെ 'തൂക്കിയടി', വമ്പൻ റെക്കോഡ് 'പോക്കറ്റിലാക്കി' വിരാട് കോലി - IPL 2024
എന്നാല്‍ അധികം നീട്ടാതെ രണ്ടാമത്തെ ലീഗല്‍ ഡെലിവറി അതിര്‍ത്തിയിലേക്ക് പായിച്ച് ഡികെ ഡികെ മത്സരം പൂര്‍ത്തിയാക്കി. സീസണിലെ ആദ്യ വിജയം നേടിയതിന്‍റെ അടങ്ങാത്ത ആവേശം ആര്‍സിബി ക്യാമ്പില്‍. ചിന്നസ്വാമിയിലെ ഗ്യാലറി ആര്‍ത്തലച്ചു. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 10 പന്തുകളില്‍ നിന്നും 28 റണ്‍സ്. പഞ്ചാബിനെ തീര്‍ത്ത ഡികെ സൂപ്പര്‍ ഫിനിഷറായി.