റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ബാറ്റുകൊണ്ട് തകര്‍പ്പൻ പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ (Dhruv Jurel) കാഴ്‌ചവച്ചത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 353നെതിരെ ബാറ്റേന്തിയ ഇന്ത്യയ്‌ക്കായി ഏഴാം നമ്പറിലെത്തിയ ജുറെല്‍ 90 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് 50ല്‍ താഴെയെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായിരുന്നു ജുറെലിന്‍റെ പ്രകടനം (India vs England 4th Test).
റാഞ്ചിയിലെ വീരോചിത ഇന്നിങ്‌സിന് പിന്നാലെ ജുറെലിനെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പടെയുള്ള മുൻ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിക്ക് സമാനമായ മനസാന്നിധ്യമാണ് ജുറെലിനുള്ളതെന്നായിരുന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഇതിഹാസ താരത്തിന്‍റെ പരാമര്‍ശത്തോട് തന്‍റെ പ്രതികരണം രേഖപ്പെടുത്തി ജുറെല്‍ തന്നെ രംഗത്തെത്തുകയും ചെയ്‌തു.
'സുനില്‍ ഗവാസ്‌കറിനെ പോലെ ഒരു ഇതിഹാസ താരം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുന്നത് മികച്ച അനുഭവമാണ്. മികച്ച മാനസികാവസ്ഥയിലായിരുന്നു ബാറ്റ് ചെയ്‌തത്. പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. പന്ത് നല്ലതുപോലെ നോക്കി കളിക്കാനായിരുന്നു ശ്രമം. അത് കൃത്യമായി തന്നെ ചെയ്യാനും സാധിച്ചു.
സെഞ്ച്വറി നഷ്‌ടപ്പെട്ടതില്‍ എനിക്ക് വിഷമം ഉണ്ടായിരുന്നില്ല. ഇത് എന്‍റെ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ പരമ്പരയാണ്. സീരീസ് ട്രോഫി ഉയര്‍ത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്നത് എന്‍റെ ബാല്യകാല സ്വപ്‌നമായിരുന്നു'- ധ്രുവ് ജുറെല്‍ വ്യക്തമാക്കി (Dhruva Jurel On Sunil Gavaskar's MS Dhoni Remark).
Also Read : 'അടുത്ത എംഎസ് ധോണി' ; ജുറെലിനെ വാനോളം പുകഴ്‌ത്തി ഗവാസ്‌കര്‍
റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 307 റണ്‍സിനാണ് പുറത്തായത്. രണ്ടാം ദിനത്തില്‍ 171-6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക് പോകുന്ന സമയത്താണ് ധ്രുവ് ജുറെല്‍ ക്രീസിലേക്കെത്തിയത്. കുല്‍ദീപ് യാദവിനൊപ്പം എട്ടാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നതിലും ജുറെല്‍ പങ്കാളിയായി.
വാലറ്റത്തെ കൂട്ടുപിടിച്ചും താരം നടത്തിയ പോരാട്ടമായിരുന്നു ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്. 149 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്‍റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ അവസാന വിക്കറ്റായി ടോം ഹാര്‍ട്‌ലിയായിരുന്നു താരത്തെ പുറത്താക്കിയത് (Dhruv Jurel Batting Against England).