ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലൂടെ (India vs England 5th Test) ഇന്ത്യയ്‌ക്കായുള്ള ടെസ്റ്റ് അരങ്ങേറ്റം അര്‍ധ സെഞ്ചുറിയോടെ കളറാക്കിയിരിക്കുകയാണ് മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ (Devutt Paddikal). നാലാം നമ്പറില്‍ കളത്തിലെത്തിയ ദേവ്‌ദത്ത് 103 പന്തില്‍ 65 റണ്‍സ് നേടിയാണ് തിരികെ കയറിയത്.
10 ബൗണ്ടറികളും ഒരു സിക്‌സറും നേടിയാണ് 23-കാരന്‍ തിരികെ കയറിയത്. 36 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു താരം ഇന്ത്യയ്‌ക്കായി നാലാം നമ്പറില്‍ അരങ്ങേറ്റത്തിന് എത്തുന്നത്. 1988-ൽ അരങ്ങേറിയ ഡബ്ല്യുവി രാമനാണ് (WV Raman) നാലാം നമ്പറിൽ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.
ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു നാലാം നമ്പറില്‍ രാമന്‍റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് സച്ചിൻ ടെണ്ടുല്‍ക്കറും വിരാട് കോലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അടക്കി ഭരിച്ചിരുന്ന നാലാം നമ്പറില്‍ മറ്റൊരു താരത്തിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ദേവ്‌ദത്തിന് മുമ്പ് ആകെ എട്ട് താരങ്ങള്‍ മാത്രമാണ് നാലാം നമ്പറില്‍ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടുള്ളത്.
സികെ നായിഡു, വിജയ് ഹസാരെ, ഹേമു അധികാരി, രാംനാഥ് കെന്നി, അപൂർവ സെൻഗുപ്ത, മൻസൂർ അലി ഖാൻ പട്ടൗഡി, ഗുണ്ടപ്പ വിശ്വനാഥ്, ഡബ്ല്യുവി രാമൻ എന്നിവരാണ് പട്ടികയിലെ പേരുകാര്‍. ധര്‍മ്മശാലയില്‍ 65 റണ്‍സ് നേടിയതോടെ ഇന്ത്യയ്‌ക്കായുള്ള നാലാം നമ്പറില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാവാനും ദേവ്‌ദത്തിന് കഴിഞ്ഞു.
സെഞ്ചുറി നേടിയ ഗുണ്ടപ്പ വിശ്വനാഥാണ് തലപ്പത്ത്. 1969-ല്‍ കാന്‍പൂരില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ 137 റണ്‍സായിരുന്നു ഗുണ്ടപ്പ വിശ്വനാഥ് നേടിയത്. തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ 87 റണ്‍സ് നേടാന്‍ രാമന് കഴിഞ്ഞിരുന്നു. എന്നാൽ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സായിരുന്നു താരത്തിന്‍റെ പ്രകടനം.
രാമന്‍ അരങ്ങേറ്റം നടത്തിയ 1988-ന് തൊട്ടടുത്ത വര്‍ഷമാണ് സച്ചിന്‍ (Sachin Tendulkar) അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്. പിന്നീട് 1992- മുതല്‍ നാലാമത് കളിക്കാന്‍ തുടങ്ങിയ സച്ചിന്‍ ആ നമ്പറില്‍ സ്ഥിരക്കാരനായി. തുടര്‍ന്നുള്ള 21 വർഷക്കാലം സച്ചിനായിരുന്നു ഇന്ത്യയുടെ നാലാം നമ്പര്‍ ഭരിച്ചത്. സച്ചിനില്ലാത്ത മത്സരങ്ങളില്‍ മാത്രമായിരുന്നു സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്‌മണും പ്രസ്‌തുത നമ്പറില്‍ കളിച്ചത്.
സച്ചിന്‍റെ വിരമിക്കലിന് ശേഷം 2013 മുതല്‍ക്ക് കോലിയും നാലാം നമ്പറില്‍ സ്ഥിരക്കാരനായി. കോലി കളിക്കാനിറങ്ങാതെ വന്നതോടെ മാത്രമാണ് കഴിഞ്ഞ ദശകത്തിൽ അജിങ്ക്യ രഹാനെയ്‌ക്ക് നാലാം നമ്പറിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചത്. അതേസമയം ഈ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നാല് വ്യത്യസ്ത ബാറ്റർമാരാണ് ഇന്ത്യയ്‌ക്കായി നാലാം നമ്പറില്‍ കളിച്ചത്.
ALSO READ: 'ഞാനത്ര ഹാപ്പിയല്ല, അവൻ ഓപ്പണറാകണം'...ഫോമിലെത്തിയ ഗില്ലിനെ കുറിച്ച് പിതാവ്
ആദ്യ ടെസ്റ്റിൽ കെഎൽ രാഹുലായിരുന്നു നാലാം നമ്പറില്‍ കളിച്ചത്. രണ്ടാം ടെസ്റ്റിൽ ശ്രേയസ് അയ്യർ കളിച്ച സ്ഥാനത്ത് മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിൽ രജത് പടിദാറാണ് കളിച്ചത്. രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ രജത് അഞ്ചാം നമ്പറിലായിരുന്നു കളിക്കാന്‍ ഇറങ്ങിയത്.