ധരംശാല : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ അഴിച്ചുപണിക്ക് സാധ്യത (India vs England 5th Test). ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ വിഷമിക്കുന്ന രജത് പടിദാറിന് (Rajat Patidar) അഞ്ചാം മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ട്. പടിദാര്‍ പുറത്താകുന്നതോടെ ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal) അവസാന പതിനൊന്നില്‍ ഇടം കണ്ടെത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലും രജത് പടിദാര്‍ ഇന്ത്യൻ നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. മൂന്ന് മത്സരങ്ങളിലെ ആറ് ഇന്നിങ്‌സും കളിച്ച താരത്തിന് 63 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് അഞ്ചാം മത്സരത്തില്‍ നിന്നും താരത്തെ ഒഴിവാക്കാൻ ആലോചിക്കുന്നതെന്നാണ് സൂചന. കൂടാതെ, കെഎല്‍ രാഹുലിന്‍റെ അഭാവവും ദേവ്ദത്ത് പടിക്കലിന് തുണയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്നും വിരാട് കോലി (Virat Kohli) പിന്മാറിയതോടെയായിരുന്നു പടിദാറിന് ടീമിലേക്ക് വിളിയെത്തിയത്. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരത്തിന് കളിക്കാനായില്ല. കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു താരം പ്ലെയിങ് ഇലവനിലേക്ക് എത്തിയത്.
അതേസമയം, പരിക്കിന്‍റെ പിടിയിലുള്ള കെഎല്‍ രാഹുലിന് (KL Rahul) പരമ്പരയിലെ അവസാന മത്സരവും നഷ്‌ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരയില്‍ ആദ്യ മത്സരം മാത്രമാണ് താരത്തിന് കളിക്കാനായത്. ഈ മത്സരത്തില്‍ തുടയ്‌ക്ക് പരിക്കേറ്റതോടെ രാഹുലിന് രണ്ടാം മത്സരം നഷ്‌ടമായി.
തുടര്‍ന്ന്, അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ രാഹുലിനെ കളിപ്പിക്കൂവെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ താരത്തെ കൂടുതല്‍ വിദഗ്‌ധ ചികിത്സകള്‍ക്കായി ലണ്ടനിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
Also Read : അയ്യറും കിഷനും മാത്രമല്ല, ബിസിസിഐ 'വെട്ടി'യത് ഇവരുടെ പേരുകളും
മാര്‍ച്ച് ഏഴിനാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതിനോടകം തന്നെ ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന നാലാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് രോഹിത് ശര്‍മയും സംഘവും പരമ്പര പിടിച്ചത് (India vs England Test Series 2024).