ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കടുത്ത ആരാധക രോഷം നേരിടുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് കളിക്കാൻ എത്തുന്ന ഇടങ്ങളിലെല്ലാം ആരാധകര്‍ കൂവലോടെയാണ് ഹാര്‍ദിക്കിനെ വരവേല്‍ക്കുന്നത്. രോഹിതിനെ നീക്കി ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനായി ചുമതലപ്പെടുത്തിയതായിരുന്നു പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം.
രാജസ്ഥാൻ റോയല്‍സിനെ നേരിടാൻ മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇറങ്ങിയപ്പോഴും താരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ടോസിനെത്തിയ ഹാര്‍ദിക്കിനെ കൂവലോടെയാണ് കാണികള്‍ വരവേറ്റത്. ഈ സമയം, കമന്‍റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ കാണികളോട് നല്ലരീതിയില്‍ പെരുമാറണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ആരാധകര്‍ തങ്ങളുടെ പ്രവര്‍ത്തി തുടരുകയാണുണ്ടായത്.
മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത മത്സരം ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ്. വാങ്കഡെ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഏഴിനാണ് മത്സരം. ഈ മത്സരത്തിലും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ ആരാധക രോഷം ഉയര്‍ന്നേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ഇത്തരം പ്രവര്‍ത്തികള്‍ ന്യൂഡല്‍ഹിയില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷൻ.
താരങ്ങള്‍ക്ക് എതിരെ മൊശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അസോസിയേഷൻ പ്രസിഡന്‍റ് രോഹൻ ജെയ്‌റ്റ്‌ലി അറിയിച്ചിരിക്കുന്നത്. രോഹൻ ജെയ്‌റ്റ്‌ലിയുടെ പ്രതികരണം ഇങ്ങനെ...'മുൻ വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവണതകള്‍ ഒന്നും തന്നെ അംഗീകരിക്കാൻ കഴിയുന്നതല്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആ സമയത്ത് തന്നെ ഉചിതമായ നടപടി സ്വീകരിക്കും'- രോഹൻ ജെയ്‌റ്റ്‌ലി പറഞ്ഞു.
പ്ലെയര്‍ ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ച ശേഷം ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്നോടിയായിട്ടായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി ചുമതലപ്പെടുത്തിയത്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ തന്നെ ആരാധകര്‍ കലിപ്പിലായിരുന്നു. മുംബൈ ഇന്ത്യൻസിന്‍റെ സോഷ്യല്‍ മീഡിയ പേജുകള്‍ അണ്‍ഫോളോ ചെയ്‌ത് തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോള്‍ മൈതാനങ്ങളിലേക്കും എത്തിയിരിക്കുന്നത്.
അതേസമയം, സീസണില്‍ കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ട് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നിലവില്‍ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ് ടീമുകളാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. വരും മത്സരങ്ങളില്‍ ടീം താളം കണ്ടെത്തി വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ആരാധകര്‍.