ന്യൂഡല്‍ഹി : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഇന്ന് ജീവൻമരണപ്പോരാട്ടം. ക്യാപിറ്റല്‍സിന്‍റെ തട്ടകമായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പ്ലേഓഫ് റേസില്‍ സാധ്യതകള്‍ നിലനിര്‍ത്താൻ രണ്ട് ടീമിനും ഇന്ന് ജയം അനിവാര്യമാണ്.
സീസണിലെ അവസാന മത്സരത്തിനായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കളിക്കാനിറങ്ങുന്നത്. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് നിലവില്‍ ഡല്‍ഹി. 13 കളിയില്‍ 12 പോയിന്‍റാണ് റിഷഭ് പന്തിനും സംഘത്തിനുമുള്ളത്.
പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യതകള്‍ എങ്കിലും നിലനിര്‍ത്തണമെങ്കില്‍ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് ലഖ്‌നൗവിനെതിരെ ഡല്‍ഹിക്ക് ജയിച്ചേ മതിയാകൂ. ജയിച്ചാലും പ്ലേഓഫ് ഉറപ്പിക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ആര്‍സിബി, ലഖ്‌നൗ, സണ്‍റൈസേഴ്‌സ് ടീമുകളുടെ വമ്പൻ തോല്‍വിയ്ക്കായും ഡല്‍ഹി കാത്തിരിക്കേണ്ടിവരും. എന്നാല്‍, ഇന്ന് ലഖ്‌നൗവിനോട് തോല്‍വി വഴങ്ങിയാല്‍ ഐപിഎല്‍ പതിനേഴാം പതിപ്പില്‍ നിന്നും പുറത്താകുന്ന നാലാമത്തെ ടീമായി ഡല്‍ഹി മാറും.
പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 12 കളിയില്‍ 12 പോയിന്‍റാണ് നിലവില്‍ അവര്‍ക്ക്. ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ലഖ്‌നൗവിന് പരമാവധി 16 പോയിന്‍റ് സ്വന്തമാക്കാം.
16 പോയിന്‍റോടെ പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും തോല്‍വികളാണ് ലഖ്‌നൗവിന് ആവശ്യം. 14 പോയിന്‍റാണ് നിലവില്‍ ഇരു ടീമുകള്‍ക്കും. ഹൈദരാബാദിന് രണ്ട് മത്സരവും ചെന്നൈയ്‌ക്ക് ഒരു മത്സരവും ശേഷിക്കുന്നുണ്ട്.
ഇതില്‍ ഹൈദരാബാദ് ഒന്നിലും ചെന്നൈ ആര്‍സിബിക്ക് എതിരെയും ജയിച്ചാലും ഇരു ടീമുകള്‍ക്കും 16 പോയിന്‍റാകും. ഈ സാഹചര്യത്തില്‍ അവസാന രണ്ട് കളികളും വൻ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമാകും ലഖ്‌നൗവിന് ആദ്യ നാലില്‍ ഇടം പിടിക്കാൻ സാധിക്കുക. അതേസമയം, ചെന്നൈ ആര്‍സിബിയോട് പരാജയപ്പെടുകയാണെങ്കില്‍ രണ്ട് ജയത്തോടെ ലഖ്‌നൗവിനും പ്ലേ ഓഫ് ഉറപ്പിക്കാം.
ഇന്ന്, ലഖ്‌നൗ ഡല്‍ഹിയോട് പരാജയപ്പെട്ടാല്‍ അവര്‍ക്ക് അവസാന മത്സരം നിര്‍ണായകമാകും. ഈ സാഹചര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സുകളുടെ തോല്‍വിയാകും ലഖ്‌നൗവിന് ആവശ്യം. ചെന്നൈയും ഹൈദരാബാദും അവസാന മത്സരങ്ങളില്‍ തോറ്റാല്‍ പ്ലേ ഓഫിലേക്ക് മുന്നേറാൻ മുംബൈക്കെതിരെ വമ്പൻ മാര്‍ജിനിലുള്ള ജയമാകും ലഖ്‌നൗവിന് വേണ്ടിവരിക.
അതേസമയം, പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ ആര്‍സിബിയ്ക്കും ഇന്ന് നടക്കുന്ന ഡല്‍ഹി ലഖ്‌നൗ മത്സരം നിര്‍ണായകമാണ്. പ്ലേ ഓഫ് പേരില്‍ നേട്ടമുണ്ടാക്കാൻ ലഖ്‌നൗവിന്‍റെ തോല്‍വിയാണ് ആര്‍സിബിക്ക് ആവശ്യം.
Also Read : മഴ കളിച്ചു, ഗുജറാത്ത് ഔട്ട്; ആദ്യ രണ്ടില്‍ സ്ഥാനം ഉറപ്പിച്ച് കൊല്‍ക്കത്ത - Gujarat Titans Eliminated
ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യത ടീം : ഡേവിഡ് വാര്‍ണര്‍, ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, അഭിഷേക് പോറെല്‍, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ഷായ് ഹോപ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, റാസിഖ് സലാം, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം : കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/ വിക്കറ്റ് കീപ്പര്‍), അര്‍ഷിൻ കുല്‍ക്കര്‍ണി, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളസ് പുരാൻ, ആയുഷ് ബഡോണി, ആഷ്‌ടൺ ടര്‍ണര്‍, കൃണാല്‍ പാണ്ഡ്യ, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ്, നവീൻ ഉള്‍ ഹഖ്, യാഷ് താക്കൂര്‍.