മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ ദത്താജിറാവു കൃഷ്‌ണറാവു ഗെയ്‌ക്‌വാദ് അന്തരിച്ചു (Dattajirao Krishnarao Gaekwad). 95 വയസായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം. 1928 ഒക്‌ടോബർ 27ന് ജനിച്ച ദത്താജിറാവു ഗെയ്‌ക്‌വാദ് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ക്രിക്കറ്ററായിരുന്നു.
'ഡികെ ഗെയ്‌ക്‌വാദ്' (DK Gaekwad) എന്ന ചുരുക്കപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനായി 1952 മുതല്‍ 1961 വരെ 11 മത്സരങ്ങളിലാണ് ഡികെ ഗെയ്‌ക്‌വാദ് കളിച്ചിട്ടുള്ളത്. വലങ്കയ്യന്‍ ബാറ്ററായിരുന്ന താരം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം നടത്തിയത്.
11 മത്സരങ്ങളില്‍ നിന്നു 18.42 ശരാശരിയില്‍ ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 350 റണ്‍സാണ് നേടിയിട്ടുള്ളത്. 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1959-ലാണ് അദ്ദേഹം ക്യാപ്റ്റന്‍റെ ചുമതലയിലെത്തുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡയ്ക്കായി കളിച്ച 110 മത്സരങ്ങളില്‍ 36.40 ശരാശരിയില്‍ 5,788 റണ്‍സാണ് ഡികെ ഗെയ്‌ക്‌വാദ് നേടിയിട്ടുള്ളത്. 17 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുള്ള ഡികെ ഗെയ്‌ക്‌വാദ് ആഭ്യന്തര ക്രിക്കറ്റിലെ വിലയേറിയ താരങ്ങളിലൊരാളായിരുന്നു.
1959-60ൽ മഹാരാഷ്‌ട്രയ്‌ക്കെതിരെ പുറത്താകാതെ നേടിയ 249 റൺസായിരുന്നു അദ്ദേഹത്തിന്‍റെ ഉയർന്ന ഫസ്റ്റ് ക്ലാസ് സ്‌കോർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25 വിക്കറ്റും അദ്ദേഹത്തിന് വീഴ്‌ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 1957-58 രഞ്ജി ട്രോഫി സീസണില്‍ ബറോഡയുടെ ക്യാപ്റ്റനായി ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഡികെ ഗെയ്‌ക്‌വാദിന് കഴിഞ്ഞിരുന്നു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബറോഡ ക്രിക്കറ്റ് അസോസിയേഷനില്‍ വളര്‍ന്നുവരുന്ന നിരവധി താരങ്ങളുടെ ഉപദേശകനായിരുന്നു. ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും സഹോദരന്‍ യൂസഫ് പഠാനും ഇക്കൂട്ടത്തിലുണ്ട്. ഡികെ ഗെയ്കവാദിന്‍റെ വിയോഗത്തില്‍ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan) അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്ത്യയുടെ മുന്‍ പേസ് ഓള്‍റൗണ്ടര്‍ തന്‍റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ.....
''മോട്ടിബാഗ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ആൽമരത്തിന്‍റെ തണലിൽ, തന്‍റെ നീല മാരുതി കാറിലിരുന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡികെ ഗെയ്‌ക്‌വാദ് സാര്‍, യുവ പ്രതിഭകളെ നിരീക്ഷിക്കുമായിരുന്നു. ഞങ്ങളുടെ ടീമിന്‍റെ ഭാവി രൂപപ്പെടുത്തിയതില്‍ അദ്ദേഹത്തിന്‍റെ പങ്ക് ഏറെ വലുതാണ്. അഭാവം ഏറെ വേദനിപ്പിക്കുന്നു. ക്രിക്കറ്റ് സമൂഹത്തിന് വലിയ നഷ്‌ടം" ഇര്‍ഫാന്‍ പഠാന്‍ കുറിച്ചു.
ALSO READ: മാരത്തണ്‍ സൂപ്പര്‍ താരം കെല്‍വിൻ കിപ്‌റ്റം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു