ന്യൂഡൽഹി: അഞ്ച് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരവും മുൻ വെനസ്വേലൻ സൈക്ലിസ്റ്റുമായ ഡാനിയേല ലാറിയൽ ചിറിനോസ് (50) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. താരത്തിന്‍റെ മൃതദേഹം ലാസ് വെഗാസിലെ അപ്പാർട്ട്മെന്‍റിൽ നിന്നാണ് കണ്ടെത്തിയത്. ഡാനിയേല ജോലി ചെയ്‌തിരുന്ന ഹോട്ടലിൽ പതിവായി ഹാജരാകാത്തതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 11 ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടി മരിച്ചതായി കരുതുന്നു.
താരത്തിന്‍റെ ശ്വാസനാളത്തിൽ ഖരഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാല്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലൻ ഒളിമ്പിക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്‌താവനയിൽ ഡാനിയേലിന്‍റെ മരണവാർത്ത സ്ഥിരീകരിച്ചു.
താരത്തിന്‍റെ വേർപാടിൽ ഖേദിക്കുന്നു. ട്രാക്ക് സൈക്ലിങ്ങിലെ ഒരു മികച്ച കരിയറിനൊപ്പം, അഞ്ച് ഒളിമ്പിക് ഗെയിമുകളിൽ ഞങ്ങളെ പ്രതിനിധീകരിക്കാൻ ഡാനിയേലക്ക് കഴിഞ്ഞു. 4 ഒളിമ്പിക് ഡിപ്ലോമകളും വിജയങ്ങളും നേടി. അത് ഞങ്ങളിൽ വലിയ അഭിമാനം നിറച്ചുവെന്ന് സമൂഹമാധ്യമമായ എക്‌സില്‍ വെനസ്വേലൻ ഒളിമ്പിക് കമ്മിറ്റി കുറിച്ചു.
വെനസ്വേലയിലെ ഏറ്റവും മികച്ച സൈക്ലിസ്റ്റുകളിൽ ഒരാളായിരുന്നു ചിറിനോസ്.1992 ബാഴ്‌സലോണ, 1996 അറ്റ്ലാന്‍റ, 2000 സിഡ്‌നി, 2004 ഏഥൻസ്, 2012 ലണ്ടൻ തുടങ്ങിയ 5 ഒളിമ്പിക് ഗെയിമുകളിൽ താരം രാജ്യത്തെ പ്രതിനിധീകരിച്ചു. പ്രകടനത്തിൽ നിന്ന് 4 ഒളിമ്പിക് ഡിപ്ലോമകൾ നേടി. മത്സരങ്ങളിൽ ഏറ്റവും മികച്ച 8 സ്ഥാനക്കാർക്ക് ഒളിമ്പിക് ഡിപ്ലോമ നൽകും.