ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്നലെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ റോയല്‍സിനെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ 141 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും ചെന്നൈയ്‌ക്ക് എത്താനായി. 13 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റാണ് നിലവില്‍ സൂപ്പര്‍ കിങ്‌സിന്.
സീസണില്‍ ശേഷിക്കുന്ന അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിക്കാനായാല്‍ ചെന്നൈയ്‌ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മെയ് 18നാണ് ഈ മത്സരം. ഈ മത്സരത്തില്‍ വൻ മാര്‍ജിനില്‍ പരാജയപ്പെടുകായാണെങ്കില്‍ മറ്റ് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളുടെ ഫലം വേണം ചെന്നൈ കാത്തിരിക്കാൻ. രണ്ട് മത്സരങ്ങളാണ് ഇരു ടീമിനും ബാക്കിയുള്ളത്. ഹൈദരാബാദിന് 14-ും ലഖ്‌നൗവിന് 12 പോയിന്‍റുമാണ് നിലവില്‍.
രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ ഹൈദരാബാദിന് പരമാവധി 18 പോയിന്‍റ് നേടാം. ലഖ്‌നൗവിന് ആകട്ടെ 16 പോയിന്‍റും സ്വന്തമാക്കാം. ചെന്നൈ ബെംഗളൂരുവിനോട് തോല്‍ക്കുകയും ഹൈദരാബാദ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നിലും ലഖ്‌നൗ രണ്ടിലും ജയിച്ചാല്‍ ചെന്നൈയുടെ സാധ്യതകള്‍ സങ്കീര്‍ണമാകും.
ഇനി സിഎസ്‌കെ ആര്‍സിബിയെ പരാജയപ്പെടുത്തിയാലും അവസാന രണ്ട് കളിയില്‍ വൻ മാര്‍ജിനില്‍ ജയം നേടാനായല്‍ ലഖ്‌നൗവിന് ചെന്നൈയെ മറികടക്കാം. ഈ സാഹചര്യത്തില്‍ ചെന്നൈയ്‌ക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ഹൈദരാബാദ് രണ്ട് മത്സരങ്ങളിലും പരാജയപ്പെടാൻ കാത്തിരിക്കണം.