ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോല്‍വി വഴങ്ങിയ ആര്‍സിബിയ്‌ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് തോല്‍പ്പിക്കാൻ സാധിച്ചത്. 170ല്‍ അധികം റണ്‍സ് പ്രതിരോധിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ ആയിരുന്നു ആര്‍സിബിയുടെ രണ്ട് തോല്‍വികളും.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബെംഗളൂരു പരാജയപ്പെട്ടത്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആകട്ടെ ഏഴ് വിക്കറ്റിനുമാണ് ആര്‍സിബിയെ കീഴ്‌പ്പെടുത്തിയത്. ഇതോടെ, ടീമിന്‍റെ ബൗളിങ് നിരയുടെ പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയരുകയാണ്.
മുൻ താരങ്ങളായ ഇര്‍ഫാൻ പഠാൻ, മൈക്കല്‍ വോണ്‍ ഉള്‍പ്പടെയുള്ള പ്രമുഖരും ബെംഗളൂരുവിന്‍റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്‍റിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഈ ബൗളിങ് നിരയുമായി ആര്‍സിബിയ്‌ക്ക് ഐപിഎല്‍ കിരീടം നേടാൻ സാധിക്കില്ലെന്നായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷം മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചത്. ബൗളിങ് ഡിപ്പാര്‍ട്‌മെന്‍റില്‍ കൃത്യമായ ക്രമീകരണം ആര്‍സിബി നടത്തേണ്ടതുണ്ടെന്നായിരുന്നു പഠാന്‍റെ അഭിപ്രായം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ പ്രധാന ബൗളര്‍മാരെല്ലാം തന്നെ തല്ലുവാങ്ങി കൂട്ടിയിരുന്നു. ടീമിലെ ഒന്നാം നമ്പര്‍ പേസര്‍ ആയ മുഹമ്മദ് സിറാജ് ചിന്നസ്വാമിയില്‍ കെകെആറിനെതിരെ വഴങ്ങിയത് മൂന്ന് ഓവറില്‍ 46 റണ്‍സ്. 15.33 ആയിരുന്നു താരത്തിന്‍റെ എക്കോണമി.
കഴിഞ്ഞ മത്സരങ്ങളില്‍ തരക്കേടില്ലാതെ പന്തെറിഞ്ഞ യാഷ് ദയാലിനും കിട്ടി തല്ല്. ദയാലിനെതിരെ നാല് ഓവറിലായിരുന്നു കെകെആര്‍ ബാറ്റര്‍മാര്‍ 46 റണ്‍സ് നേടിയത്. സീസണില്‍ ഏറെ പ്രതീക്ഷകളോടെ ബെംഗളൂരു ടീമിലെത്തിച്ച അല്‍സാരി ജോസഫ് രണ്ട് ഓവറില്‍ 34 റണ്‍സും വഴങ്ങി. ഇംപാക്‌ട് പ്ലെയറായി ഇറങ്ങിയ വൈശാഖ് വിജയ കുമാര്‍ ആയിരുന്നു കൂട്ടത്തില്‍ ഭേദം. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റും താരം നേടിയിരുന്നു.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബി വിരാട് കോലിയുടെ പുറത്താകാതെയുള്ള 59 പന്തില്‍ 83 റണ്‍സ് പ്രകടനത്തിന്‍റെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെങ്കടേഷ് അയ്യര്‍ (50), സുനില്‍ നരെയ്‌ൻ (47) എന്നിവരുടെ മികവില്‍ 19 പന്ത് ശേഷിക്കെ കൊല്‍ക്കത്ത വിജയത്തിലേക്ക് എത്തുകയായിരുന്നു.