റിയാദ് : സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ അല്‍ തായ്‌ക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി അല്‍ നസ്‌ര്‍. അല്‍ നസ്റിന്‍റ ഹോം ഗ്രൗണ്ടായ അല്‍-അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5-1 എന്ന സ്കോറിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ജയം പിടിച്ചത്. സീസണില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ നസ്റിന്‍റെ 19-ാം ജയമായിരുന്നു ഇത്.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് ഗോളുകള്‍ നേടിയത്. 23 മിനിറ്റുകളുടെ വ്യത്യാസത്തില്‍ താരം മൂന്ന് ഗോളുകള്‍ അല്‍ തായ് ഗോള്‍വലയില്‍ എത്തിച്ചു. 64-ാം മിനിറ്റിലായിരുന്നു സൂപ്പര്‍ താരം ഗോള്‍ വേട്ട തുടങ്ങിയത്.
സാദിയോ മാനെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. 67-ാം മിനിറ്റില്‍ തന്നെ മത്സരത്തില്‍ തന്‍റെ രണ്ടാമത്തെ ഗോളും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ റൊണാള്‍ഡോയ്‌ക്കായി. 87-ാം മിനിറ്റില്‍ ഒരു ഹെഡറിലൂടെയാണ് റൊണാള്‍ഡോ ഹാട്രിക് പൂര്‍ത്തിയാക്കിയത്.
ഫുട്‌ബോള്‍ കരിയറില്‍ റൊണാള്‍ഡോയുടെ 64-ാമത്തെയും സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ രണ്ടാമത്തെയും ഹാട്രിക് നേട്ടമാണിത്. മൂന്ന് ഗോള്‍ പ്രകടനത്തോടെ സൗദി ലീഗില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയിലും ലീഡ് നേടാൻ ക്രിസ്റ്റ്യാനോയ്‌ക്കായി. നിലവില്‍ 26 ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടില്‍.
അതേസമയം ഒടാവിയോ, അബ്‌ദുല്‍റഹ്മാൻ ഘരീബ് എന്നിവരാണ് മത്സരത്തില്‍ അല്‍ നസ്റിനായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. വിര്‍ജില്‍ മിസിയൻ ആയിരുന്നു സന്ദര്‍ശകരായ അല്‍ തായ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ആതിഥേയരായ അല്‍ നസ്‌ര്‍ ആയിരുന്നു. മത്സരത്തിന്‍റെ 20-ാം മിനിറ്റില്‍ ഒടാവിയോ ആണ് അവരെ മുന്നിലെത്തിച്ചത്. എന്നാല്‍, 22-ാം മിനിറ്റില്‍ തന്നെ സമനില ഗോള്‍ നേടാൻ അല്‍ തായ്‌ക്കായി.
ഗോള്‍ സ്കോറര്‍ ആയ വിര്‍ജില്‍ മിസിയൻ 36-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അല്‍ തായ് പത്ത് പേരായി ചുരുങ്ങി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഇഞ്ചുറി ടൈമില്‍ ഘരീബ് അല്‍ നസ്റിന്‍റെ ലീഡ് ഉയര്‍ത്തി. പിന്നീടായിരുന്നു രണ്ടാം പകുതിയില്‍ റൊണാള്‍ഡോയുടെ ഗോള്‍ വേട്ട.
സീസണില്‍ 25 മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനക്കാരായ അല്‍ നസ്റിന് 59 പോയിന്‍റായി. 71 പോയിന്‍റോടെ അല്‍ ഹിലാലാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.