പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത ക്യാപ്‌റ്റൻസി വിലക്ക് നീക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജെഫ് ഗ്ലീസൺ കെസി, ജെയിൻ സീറൈറ്റ്, അലൻ സള്ളിവൻ കെസി എന്നിവരടങ്ങിയ മൂന്നംഗ റിവ്യൂ പാനലിന്‍റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം വാർണർ പാലിച്ചിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി.
റിവ്യൂ പാനലിന്‍റെ തീരുമാനം ഉടനടി തന്നെ പ്രാബല്യത്തില്‍ വരും. ഇതോടെ, വരുന്ന ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന്‍റെ നായകനായി തന്നെ വാര്‍ണറിന് കളിക്കാൻ സാധിക്കും. ഓസ്ട്രേലിയയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാൻ ഭാവിയില്‍ വാര്‍ണറിന് നല്‍കാൻ സാധിക്കുന്ന സംഭാവനകളെ കൂടി പരിഗണിച്ചാണ് ആജീവനാന്ത വിലക്ക് മാറ്റാൻ തീരുമാനിച്ചതെന്നും മൂന്നംഗ സമിതി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2018ലെ ഓസീസിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയായിരുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ അന്നത്തെ ക്യാപ്‌റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാര്‍ണര്‍, ബാറ്റര്‍ ബെൻക്രോഫ്റ്റ് എന്നിവര്‍ പന്തില്‍ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ താരങ്ങള്‍ കുറ്റക്കാരാണെന്ന് തെളിയുകയും മൂവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയുമായിരുന്നു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാൻക്രോഫ്‌റ്റിന് 9 മാസത്തേക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂടാതെ, അന്ന് ടെസ്റ്റ് ടീം നായകനായിരുന്ന സ്റ്റീവ് സ്‌മിത്തിനെ ക്യാപ്‌റ്റൻസിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്കും ബാൻ ചെയ്‌തിരുന്നു.
Also Read : വെള്ളക്കുപ്പായത്തില്‍ പുത്തൻ നേട്ടം, ഓസീസ് താരത്തെ പിന്നിലാക്കി അശ്വിൻ