ഹൈദരാബാദ്: ഒരു കാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വിശ്വസ്ത താരമായിരുന്നു ചേതേശ്വര്‍ പുജാര (Cheteshwar Pujara). മധ്യനിരയില്‍ വന്‍മതില്‍ കെട്ടി നിരവധി മത്സരങ്ങളിലാണ് താരം ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്തിയിട്ടുള്ളത്. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് താരത്തിന് പുറത്തിരിക്കേണ്ടി വന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പുജാര യുഗത്തിന് ഏറെക്കുറെ അന്ത്യമായെന്ന വ്യക്തമായ സൂചനയാണ് സെലക്‌ടര്‍ നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ( India vs England ) ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സങ്ങള്‍ക്ക് സെലക്‌ടര്‍മാര്‍ പരിഗണിച്ചിട്ടില്ല. പകരം യുവതാരങ്ങളായ സര്‍ഫറാസ് ഖാന്‍, രജത് പടിദാര്‍ എന്നിവരെ നിലനിര്‍ത്തുകയാണ് ചെയ്‌തിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ച് കൂട്ടുന്നതിനിടെയാണ് 36-കാരനായ താരത്തെ സെല്‌ടര്‍മാര്‍ പരിഗണിക്കാതിരിക്കുന്നത്. പുരോഗമിക്കുന്ന രഞ്‌ജി ട്രോഫിയില്‍ സൗരാഷ്‌ട്രയ്‌ക്കായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ സ്‌ക്വാഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് രാജസ്ഥാനെതിരെ സെഞ്ചുറി നേടിയ തിളങ്ങിയ പുജാര നിലവില്‍ രഞ്‌ജിയിലെ മൂന്നാമത്തെ റണ്‍വേട്ടക്കാരനാണ്.
ആറ് മത്സരങ്ങളില്‍ നിന്നും 648 റണ്‍സാണ് വെറ്ററന്‍ താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഒരു സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഉള്‍പ്പെടെയാണ് താരത്തിന്‍റെ റണ്‍വേട്ട. നിലവില്‍ 81 ആണ് താരത്തിന്‍റെ ശരാശരി.
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) പരമ്പരയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയും ശ്രേയസ് അയ്യര്‍ പുറത്താവുകയും ചെയ്‌തതോടെ ഇന്ത്യയുടെ മധ്യനിരയില്‍ പുജാരയപ്പോലെ ഉറച്ച് നിന്ന് കളിക്കാന്‍ കഴിയുന്ന ഒരു ബാറ്ററെ ആവശ്യമുള്ള സമയമാണിത്. എന്നാല്‍ താരത്തെ തിരഞ്ഞെടുക്കാതിരുന്നതിലൂടെ പുജാരയ്‌ക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നാണ് സെലക്‌ടര്‍മാര്‍ പറഞ്ഞു വയ്‌ക്കുന്നത്.
ആദ്യ രണ്ട് ടെസ്‌റ്റുകളിലും പുജാരയെപ്പോലെ അനുഭവ സമ്പത്തുള്ള ഒരു താരത്തിന്‍റെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഏറെ നിഴലിച്ചിരുന്നു. സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതെ കൂട്ടത്തകര്‍ച്ച നേരിട്ടാണ് ഹൈദരാബാദില്‍ ഇന്ത്യ 28 റണ്‍സിന്‍റെ അപ്രതീക്ഷത തോല്‍വി വഴങ്ങിയത്. വിശാഖപട്ടണത്ത് എത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്‍ ഒഴികെയുള്ള താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി.
വരും മത്സരങ്ങളില്‍ ആരാവും ഇന്ത്യന്‍ മധ്യനിരയെ താങ്ങി നിര്‍ത്തുകയെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്. രാജ്യത്തിനായി 103 ടെസ്റ്റുകൾ കളിച്ച പുജാര 43.60 ശരാശരിയിൽ 7195 റൺസാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡ് കൂടിയാണ് പുരാജയ്‌ക്കുള്ളത്. ടീമിനെതിരെ 27 ടെസ്റ്റുകൾ കളിച്ചിട്ടുള്ള വെറ്ററന് 40ന് അടുത്ത് ശരാശരിയിൽ 1778 റൺസ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England)