ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിക്കായി അടുത്ത വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. എന്നാല്‍ മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അല്‍പം നെട്ടോട്ടത്തിലാണ്. പണം ലാഭിക്കുന്നതിനായി പുതിയ ഫ്ലഡ്‌ലൈറ്റുകൾ വാങ്ങുന്നതിന് പകരം വാടകയ്ക്ക് എടുക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം.
ഇതിനായി കറാച്ചി, ലാഹോർ ഗ്രൗണ്ടുകളിൽ ഫ്ലഡ്‌ലൈറ്റുകൾ വാടകയ്‌ക്കെടുക്കാൻ ബോര്‍ഡ് ടെൻഡർ ക്ഷണിച്ചു. കൂടാതെ, കറാച്ചി, ലാഹോർ സ്റ്റേഡിയങ്ങളില്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ള പഴയ ഫ്ലഡ് ലൈറ്റുകൾ നീക്കം ചെയ്‌ത് ക്വറ്റയിലെയും റാവൽപിണ്ടിയിലെയും സ്റ്റേഡിയങ്ങളിൽ സ്ഥാപിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കറാച്ചി, ലാഹോർ, റാവൽപിണ്ടി, മുള്‍ട്ടാൻ, ഫൈസലാബാദ്, അബോട്ടാബാദ്, ക്വറ്റ, പെഷവാർ ഗ്രൗണ്ടുകളിൽ ജനറേറ്ററുകൾ ലഭ്യമാക്കാനും പിസിബി ടെൻഡർ ക്ഷണിച്ചു. ലോഡ്‌ഷെഡിങ്ങിന്‍റെ പ്രശ്‌നം വർധിച്ചതിനാൽ മത്സരസമയത്ത് വൈദ്യുതി തടസം ഇല്ലാതിരിക്കാന്‍ ജനറേറ്ററുകൾ ഉപയോഗിക്കും. എന്നാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ദയനീയ അവസ്ഥ കണ്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകൾ തുടങ്ങി.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ക്രിക്കറ്റ് ബോർഡുകളുടെ പട്ടികയിൽ പാകിസ്ഥാൻ നാലാം സ്ഥാനത്താണെങ്കിലും, ഇപ്പോഴത്തെ അവസ്ഥയില്‍ നിരവധി പേരാണ് ചോദ്യങ്ങളും ട്രോളുകളുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് ബോർഡിന് പണമില്ല, അവർ എങ്ങനെ ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഒരു ഉപയോക്താവ് ആശങ്ക പങ്കുവച്ചു.
Also Read: പതറി ഋഷഭ് പന്ത്; ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ടീമിന് പരാജയത്തുടക്കം - DPL 2024