കോഴിക്കോട്: കേരള സൂപ്പർ ലീഗിൽ ഇന്ന് കാലിക്കറ്റ് എഫ്.സി ഫോഴ്‌സ കൊച്ചിയെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം.
എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറത്തെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിൽ സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് ഇറങ്ങുന്നത്. നിലവിൽ രണ്ട് മത്സരം പൂർത്തിയായപ്പോൾ ഒരു ജയം, ഒരു സമനില എന്നിവയിൽ നിന്ന് നാലു പോയിന്‍റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരത്തിൽ ഒരു പോയിന്‍റ് മാത്രമുള്ള ഫോഴ്‌സ കൊച്ചി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്.
മഞ്ചേരിയിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളിന്‍റെ കരുത്തിലായിരുന്നു കാലിക്കറ്റിന്‍റെ ജയം. മലപ്പുറത്തിനെതിരേ പുറത്തെടുത്ത പ്രകടനം ഇന്ന് സ്വന്തം തട്ടകത്തിലും പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിജോ ജോസഫും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ കൊച്ചിക്ക് കാലിക്കറ്റ് എഫ്‌സിയെ തോല്‍പ്പിക്കണം. ഒരു ജയവും ഒരു തോൽവിയുമാണ് നിലവില്‍ കൊച്ചിയുടെ സമ്പാദ്യം.