ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് ഇത് കഷ്‌ടകാലമാണ്. ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ മോശം ഫോം തുടരുന്നതിനിടെ ഇപ്പോള്‍ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാതെയാണ് അവര്‍ പുറത്തായത്. ഇതോടെ, ഒളിമ്പിക്‌സില്‍ ഹാട്രിക് സ്വര്‍ണമെഡല്‍ നേട്ടമെന്ന ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ മോഹങ്ങളും അസ്‌തമിച്ചു.
ഇതിന് മുന്‍പ് 1992, 2004 വര്‍ഷങ്ങളിലും ബ്രസീല്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നില്ല. ഇത്തവണ ഒളിമ്പിക്‌സ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ കാനറികള്‍ ലൂസിയാനോ ഗോണ്ടു നേടിയ ഒരൊറ്റ ഗോളിലാണ് ചിരവൈരികളായ അര്‍ജന്‍റീനയ്ക്ക് മുന്നില്‍ വീണത്. ബ്രസീലിനെതിരായ ജയത്തോടെ അര്‍ജന്‍റീന പാരിസിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്‌തു.
പരാഗ്വെയാണ് തെക്കേ അമേരിക്കൻ മേഖലയില്‍ നിന്നും ഒളിമ്പിക്‌സിന് യോഗ്യത നേടിയ മറ്റൊരു ടീം. അണ്ടര്‍ 23 താരങ്ങളായിരുന്നു യോഗ്യത മത്സരങ്ങളില്‍ ഓരോ ടീമിനായും കളിക്കാനിറങ്ങിയത്. അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങാന്‍ ഒരുങ്ങുന്ന 17കാരന്‍ എൻഡ്രിക് ഫെലിപെ ഉള്‍പ്പടെയുള്ള താരങ്ങളിലായിരുന്നു യോഗ്യത റൗണ്ട് മത്സരങ്ങളില്‍ ബ്രസീലിയന്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.
ഒളിമ്പിക്‌സില്‍ 23 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ക്ക് കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ ബ്രസീലിന്‍റെ ഇപ്പോഴത്തെ സൂപ്പര്‍ താരം നെയ്‌മറും ഭാവിതാരം എൻഡ്രിക് ഫെലിപെയും ഒരുമിച്ച് കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും ഉണ്ടായിരുന്നത്. എന്നാല്‍ എന്‍ഡ്രികെ യോഗ്യത റൗണ്ട് മത്സരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നത് ബ്രസീലിന് കനത്ത തിരിച്ചടിയായി. ഏഴ് മത്സരം കളിച്ച താരത്തിന് ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് ടീമിനായി നേടിയത്.
നിരാശയില്‍ ആരാധകര്‍: സമീപകാലങ്ങളിലായുള്ള പുരുഷ ദേശീയ ടീമിന്‍റെ പ്രകടനങ്ങളില്‍ കടുത്ത അതൃപ്‌തിയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍ക്കുള്ളത്. 2002ല്‍ അവസാനമായി കിരീടം നേടിയ ശേഷം ഒരിക്കല്‍ പോലും ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഫൈനലിലേക്ക് യോഗ്യത നേടാന്‍ ബ്രസീലിയന്‍ ടീമിനായിട്ടില്ല.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന കിരീടം നേടുകയും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്താകുകയും ചെയ്‌തതും ആരാധകരെ നിരാശരാക്കിയതാണ്. അതിനൊപ്പമാണ് ലോകകപ്പ് യോഗ്യത റൗണ്ടില്‍ ടീമിന്‍റെ നിലവിലെ പ്രകടനവും. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ആറാം സ്ഥാനക്കാരാണ് ഇപ്പോള്‍ ബ്രസീല്‍. യോഗ്യത റൗണ്ടില്‍ ആറ് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമാണ് കാനറികള്‍ക്ക് സ്വന്തമാക്കാനായത്. ജൂണില്‍ കോപ്പ അമേരിക്ക നടക്കാനിരിക്കെ ടീമിന്‍റെ നിലവിലെ പ്രകടനങ്ങളില്‍ ആരാധകര്‍ക്കും ആശങ്കയാണുള്ളത്.
പുതിയ പരിശീലകൻ ഡോറിവല്‍ ജൂനിയറിന് കീഴില്‍ ബ്രസീല്‍ പുരുഷ സീനിയര്‍ ടീം പഴയ പ്രതാപം വീണ്ടെടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ചില്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍ ടീമുകള്‍ക്കെതിരായ പരിശീലന മത്സരമാണ് ഡോറിവല്‍ ജൂനിയറിനുള്ള ആദ്യ അസൈന്‍മെന്‍റ്. നിലവിലെ ഫോമില്‍ ബ്രസീല്‍ കരുത്തരായ ഇംഗ്ലണ്ടിനോടും സ്‌പെയിനോടും കാനറികള്‍ എങ്ങനെ കളിക്കുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
Also Read : ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് തുടങ്ങുന്നു, റയലിന് ആശങ്കയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്