ന്യൂഡല്‍ഹി: ഇരുട്ട് എല്ലാവരേയും ഭയപ്പെടുത്തുന്ന കാര്യമാണ്. രാത്രിയില്‍ കറന്‍റ് പോയാല്‍ നമ്മളനുഭവിക്കുന്ന കറുപ്പും ഒരു അസ്വസ്ഥതയാണ്. ഇരുട്ടത്ത് മെഴുകുതിരി വെട്ടത്തില്‍ കാഴ്‌ചയുള്ളവര്‍ തന്നെ തപ്പിതടഞ്ഞാണ് നടക്കുന്നത്. പറഞ്ഞുവരുന്നത് അന്ധതയെ പറ്റിയാണ്. കാഴ്‌ചയില്ലാത്ത ഒട്ടനവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ പഠനത്തില്‍ മികവ് തെളിയിച്ചവരുണ്ട്, സംഗീതത്തിലും പ്രസംഗത്തിലും തങ്ങളുടെ കഴിവ് ലോകത്തെ കാണിച്ചവരുമുണ്ട്. എന്നാല്‍ കണ്ണ് കാണാത്തവരുടെ ക്രിക്കറ്റിനെ പറ്റി കേട്ടിട്ടുണ്ടോ..? ഒന്നും കാണാന്‍ പറ്റാതെ ഇവര്‍ എങ്ങനെ ക്രിക്കറ്റ് കളിക്കുക..! അതിശയം തന്നെ..
എങ്ങനെ ബ്ലൈൻഡ് ക്രിക്കറ്റ് കളി
സാധാരണ ക്രിക്കറ്റില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളി. ഗ്രൗണ്ട്, ബാറ്റിങ്, സ്റ്റമ്പ്, ബൗളിങ്, കളിക്കാരുടെ എണ്ണം എന്നിവയിലൊക്കെ മാറ്റം കാണാവുന്നതാണ്. കളിയില്‍ 'റെഡി' എന്ന് ബൗള്‍ ചെയ്യുന്നയാള്‍ വിളിച്ച് ചോദിക്കും. ബാറ്റര്‍ അതിന് ഒരുക്കമാണെങ്കില്‍ 'യെസ്' പറയും. ശേഷം 'പ്ലേ' എന്ന് പറയുന്നതിനൊപ്പം ബൗള്‍ ചെയ്യും. അതിനിടെ ബാറ്റര്‍ സ്റ്റംമ്പ് തൊട്ട് നോക്കി സ്ഥാനം ഒക്കെ ശരിയാക്കി നില്‍ക്കണം. ലോഹം കൊണ്ടുള്ളവയാവും സ്റ്റംപുകൾ. വേർപെട്ട് പോവാത്ത തരത്തിലുള്ള ബെയിൽസാണ് ഇതിനുണ്ടാവുക. ബൗള്‍ എറിയുമ്പോള്‍ കൈ ചുഴറ്റി എറിയേണ്ടതില്ല. കൈ താഴ്ത്തി പിടിച്ചുള്ള ബൗളിങ്ങാണ് ചെയ്യുക. പന്ത് ഉരുണ്ടാണ് ബാറ്ററുടെ അടുത്തേക്ക് ചെല്ലുക. പന്തിന്‍റെ ഉള്ളിലുള്ള മണികിലുക്കം ശ്രദ്ധിച്ചാണ് ബാറ്റ് വീശുക. ഡോക്‌ടര്‍മാര്‍ പരിശോധിച്ച് സര്‍ട്ടിഫെെ ചെയ്‌തിട്ടാണ് താരങ്ങള്‍ കളത്തിലിറങ്ങുക.
Achievements of the Cricket Association for the Blind in India (CABI) from 2010 to 2015.#cabi #cricketfortheblind #blindcricket #crikcet pic.twitter.com/q6KV9Om7ZK
— Cricket Association for the Blind in India (CABI) (@blind_cricket) October 7, 2024
ബ്ലൈൻഡ് ക്രിക്കറ്റും ഇന്ത്യയും
ബ്ലൈൻഡ് ക്രിക്കറ്റില്‍ ഏകദിന, ടി20 ലോകകപ്പുകളിലായി ഇന്ത്യ നാല് കിരീടങ്ങൾ നേടി. 2012, 17 വർഷങ്ങളിൽ 20 ഓവർ ഫോർമാറ്റിലും 14, 18 വർഷങ്ങളിൽ ഏകദിന ലോകകപ്പുകളിലുമാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ലോകകപ്പിന്‍റെ ആദ്യപതിപ്പ് 1998ല്‍ ഡല്‍ഹിയിലാണ് സംഘടിപ്പിച്ചത്. ഉദ്‌ഘാടന പതിപ്പില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായി. രഞ്ജി ട്രോഫി ടൂർണമെന്‍റിന് സമാനമായി കാഴ്‌ചപരിമിതിയുള്ളവര്‍ക്കായി 2018ൽ ആരംഭിച്ച ടൂര്‍ണമെന്‍റാണ് നാഗേഷ് ട്രോഫി.
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ 1996 സെപ്തംബറിലാണ് നിലവിൽ വന്നത്. ഇന്ത്യയിലായിരുന്നു ആദ്യ മീറ്റിങ് സംഘടിപ്പിച്ചത്. ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നീ ടീമുകൾ അംഗങ്ങളാണ്.
ചരിത്രം പറയുന്നത്
1922ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ബ്ലൈൻഡ് ക്രിക്കറ്റിന്‍റെ തുടക്കം. 1928ല്‍ ന്യു സൗത്ത് വെയില്‍സിനും വിക്‌ടോറിയയ്‌ക്കും ഇടയില്‍ സിഡ്‌നിയില്‍ ആദ്യമായി അന്തര്‍ സംസ്ഥാന ബ്ലൈൻഡ് ക്രിക്കറ്റ് മത്സരം നടന്നു. പിന്നാലെ 25 വര്‍ഷത്തിന് ശേഷം മെല്‍ബണില്‍ ബ്ലൈൻഡ് ക്രിക്കറ്റ് കാര്‍ണിവലിനൊപ്പം ഓസ്‌ട്രേലിയന്‍ ബ്ലൈൻഡ് ക്രിക്കറ്റ് കൗണ്‍സിലും രൂപീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമങ്ങളും ചട്ടങ്ങളും
ഐസിസി ക്രിക്കറ്റില്‍ നിന്നും വ്യത്യസ്‌തമായി ബ്ലൈൻഡ് ക്രിക്കറ്റിന് അതിന്‍റേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. 11 പേര് തന്നെയാണ് കളിക്കുക. ബി1(പൂര്‍ണമായും ബ്ലൈൻഡ്) വിഭാഗത്തിൽ നാലു പേർ. ബി2 (ഭാഗികമായി ബ്ലൈൻഡ് വിഭാഗത്തിൽ മൂന്ന് പേർ), ബി3(ഭാഗികമായി കാഴ്‌ചയുള്ള കളിക്കാര്‍)വിഭാഗത്തിൽ നാലു പേർ. രാജ്യാന്തര മത്സരങ്ങൾക്കു പോകുമ്പോൾ റിസർവുകൾ അടക്കം 17 പേർ ടീമിലുണ്ടാകും. ഫീല്‍ഡില്‍ ബി1, ബി2, ബി3 കളിക്കാരെ തിരിച്ചറിയാന്‍ പ്രത്യേക കോഡ് ഉണ്ട്.
Also Read: ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിന് ചരിത്ര വിജയം, 36 വർഷത്തിന് ശേഷം ഇന്ത്യയുടെ നാണംകെട്ട തോൽവി