മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോൾ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീം, എ ടീം താരങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ബിസിസിഐ. രഞ്ജി ട്രോഫി ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ നടപടി നേരിടേണ്ടിവരുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ നല്‍കിയ മുന്നറിയിപ്പ്. ദേശീയ കരാറിലുള്ള താരങ്ങള്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടി ബിസിസിഐ കത്ത് നല്‍കിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാൻ കിഷൻ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബിസിസിഐ നിര്‍ദേശം പാലിക്കാതിരുന്ന താരം ഐപിഎല്‍ മത്സരങ്ങള്‍ മുന്നില്‍ കണ്ടുള്ള പരിശീലനത്തിലാണ് നിലവില്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിസിസിഐ താരങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നത്.
'ഇന്ത്യൻ ക്രിക്കറ്റില്‍ അടുത്തിടെയായി കാണുന്ന ചില പ്രവണതകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ചില താരങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ഐപിഎല്‍ മത്സരങ്ങള്‍ക്കാണ്. ഇതിനെയൊരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് എന്നും കരുത്തോടെ നിലകൊള്ളാൻ കാരണം ആഭ്യന്തര ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ ഒരിക്കലും അതിനെ വിലകുറച്ച് കാണാൻ സാധിക്കില്ല. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് നമുക്കുള്ള കാഴ്‌ചപ്പാട് വ്യക്തമാണ്.
ഇന്ത്യയ്‌ക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ആദ്യം മികവ് കാട്ടേണ്ടത് ആഭ്യന്തര ക്രിക്കറ്റിലാണ്. ദേശീയ ടീം സെലക്ഷനിലെ നിര്‍ണായകമായ അളവുകോലാണ് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം. അതുകൊണ്ട് തന്നെ അത്തരം മത്സരങ്ങള്‍ കളിക്കാതിരിക്കുന്ന താരങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തന്നെ നേരിടേണ്ടി വരും' - താരങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ബിസിസിഐ വ്യക്തമാക്കി.
ഏകദിന ലോകകപ്പിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായിരുന്നു മാനസിക പിരിമുറുക്കം കാരണം ഇഷാൻ കിഷൻ ഇന്ത്യന്‍ ടീമില്‍ നിന്നും അവധിയെടുത്തത്. തുടര്‍ന്ന് ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ രഞ്ജി ട്രോഫിയില്‍ കണിക്കണമെന്ന് ബിസിസിഐ സെലക്‌ടര്‍മാര്‍ ഇഷാന്‍ കിഷന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, രഞ്ജിയില്‍ ജാര്‍ഖണ്ഡിനായി ഒരു മത്സരം പോലും കളിക്കാതിരുന്ന താരം ബിസിസിഐയെ അറിയിക്കാതെ ഐപിഎല്ലിന് മുന്നോടിയായി പരിശീലനം ആരംഭിക്കുകയും ചെയ്‌തിരുന്നു. ഈ പ്രവണത കൂടുതല്‍ താരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായാണ് ബിസിസിഐ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
Also Read : ബാറ്റിങ്ങുമില്ല ബോളിങ്ങുമില്ല, ഫീല്‍ഡറായി കളിക്കാം; മൂന്നാം ടെസ്റ്റില്‍ അശ്വിന് പകരം ദേവ്‌ദത്ത് പടിക്കല്‍