ബാഴ്‌സലോണ : ലാ ലിഗ (La Liga 2023-24) ഫുട്‌ബോളില്‍ ബാഴ്‌സലോണയ്‌ക്ക് (Barcelona) ജയം. സീസണിലെ 28-ാം മത്സരത്തില്‍ മല്ലോര്‍ക്കയെ (Mallorca) ആണ് ബാഴ്‌സ തകര്‍ത്തത്. ഹോം ഗ്രൗണ്ടായ ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സലോണ ജയിച്ചത് (Barcelona vs Mallorca Match Result).
യുവതാരം ലമീൻ യമാലാണ് (Lamine Yamal) മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്. സീസണില്‍ കറ്റാലൻ ക്ലബിന്‍റെ 18-ാമത്തെ ജയം ആണിത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ജിറോണയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് എത്താനും ബാഴ്‌സയ്‌ക്കായി.
28 മത്സരങ്ങളില്‍ നിന്നും 61 പോയിന്‍റാണ് ബാഴ്‌സലോണയ്‌ക്കുള്ളത്. റയല്‍ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 27 മത്സരങ്ങളില്‍ നിന്നും 66 പോയിന്‍റാണ് റയലിനുള്ളത്.
മല്ലോര്‍ക്കയ്‌ക്കെതിരായ മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ബാഴ്‌സലോണ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്തെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാൻ അവര്‍ക്ക് സാധിച്ചില്ല. മത്സരത്തിന്‍റെ 24-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ ആതിഥേയര്‍ക്ക് പിഴച്ചു.
റാഫീഞ്ഞയെ ഫൗള്‍ ചെയ്‌തതിനായിരുന്നു ബാഴ്‌സയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍, കിക്ക് എടുക്കാനെത്തിയ ഇല്‍കായ് ഗുണ്ടോഗന് പിഴയ്‌ക്കുകയായിരുന്നു. താരത്തിന്‍റെ ഷോട്ട് മല്ലോര്‍ക്ക ഗോള്‍ കീപ്പര്‍ അനായാസമാണ് തട്ടിയകറ്റിയത്.
പിന്നീട്, മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ ബാഴ്‌സയുടെ ഭാഗത്ത് നിന്നും കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല. മറുവശത്ത്, ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാൻ സന്ദര്‍ശകരായ മല്ലോര്‍ക്കയ്‌ക്കും കഴിഞ്ഞിരുന്നില്ല.
രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 56-ാം മിനിറ്റില്‍ ബാഴ്‌സലോണ ഗോളിന് അരികില്‍ വരെയെത്തി. ബോക്‌സിനുള്ളില്‍ നിന്നും ലമീൻ യമാല്‍ പായിച്ച ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍, ഏകദേശം അതേ പൊസിഷനില്‍ നിന്നായിരുന്നു പിന്നീട് 16കാരനായ താരം മല്ലോര്‍ക്കയുടെ വലയില്‍ പന്ത് എത്തിച്ചത്.
റോബര്‍ട്ടോ ലെവന്‍ഡോസ്‌കി (Robert Lewandowski) നല്‍കിയ പാസുമായി മല്ലോര്‍ക്ക പ്രതിരോധത്തെ കടന്ന് ബോക്‌സിനുള്ളിലേക്ക് കയറിയായിരുന്നു യമാല്‍ ഷോട്ട് പായിച്ചത്. മത്സരത്തില്‍ 73-ാം മിനിറ്റിലായിരുന്നു ബാഴ്‌സയുടെ ഗോള്‍. അവസാന മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താൻ ആതിഥേയരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായെങ്കിലും ഗോളുകള്‍ മാത്രം അകന്നുനിന്നു.
Also Read : യൂറോപ്പയിലും 'ഗോളടിമേളം'; സ്‌പാര്‍ട്ട പ്രാഗിനെ തകര്‍ത്തറിഞ്ഞ് ലിവര്‍പൂള്‍