ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ലെഗാനസായിരുന്നു ബാഴ്‌സയെ തകര്‍ത്തത്. പോയിന്‍റ് ടേബിളിൽ 15-ാം സ്ഥാനത്തുള്ള ലഗാനസിനാട് കളിയുടെ അവസാനം നിമിഷം വരെ പൊരുതിയെങ്കിലും കാറ്റാലന്‍മാര്‍ക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്‌സക്ക് കനത്ത തിരിച്ചടിയായി ലഗാനസിനെതിരായ തോൽവി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരത്തിന്‍റെ നാലാം മിനുട്ടില്‍ തന്നെ ഗോളടിച്ച് ലെഗാനസ് മുന്നിട്ടുനിന്നിരുന്നു. സെർജിയോ ഗോൺസാലസായിരുന്നു ഗോള്‍ നേടിയത്. 81 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബാഴ്‌സ ആയിരുന്നു. 20 ഷോട്ടുകളായിരുന്നു ബാഴ്‌സ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ലഗാനസാകട്ടെ ആറു ഷോട്ടുകൾ മാത്രമാണ് ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.
അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബാഴ്‌സക്ക് ജയിക്കാനായത്. ഇതുവരേ കളിച്ച 18 മത്സരങ്ങളില്‍ 12 ജയവും നാല് തോല്‍വിയും രണ്ട് സമനിലയടക്കം 38 പോയിന്‍റാണ് ബാഴ്‌സലോണക്കുള്ളത്.
എന്നാൽ 17 മത്സരത്തിൽനിന്ന് 38 പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡ്, 17 മത്സരത്തിൽനിന്ന് 37 പോയിന്‍റുമായി റയൽ മാഡ്രിഡ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നുണ്ട്. ഏഴിലധികം പോയിന്‍റ് ലീഡ് ഉണ്ടായിരുന്ന അവസ്ഥയിൽനിന്നാണ് കാറ്റാലന്‍മാര്‍ താഴേക്ക് വീണത്.
FT: #BarçaLeganés 0-1@CDLeganes_en get their first away win of the season against Barça at Montjuïc. 🥒✅#LALIGAEASPORTS pic.twitter.com/Vheb7uzlV9
— LALIGA English (@LaLigaEN) December 15, 2024
ലാലിഗ സീസണിന്‍റെ തുടക്കത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ടീമിന് ഇപ്പോൾ കാലിടറുന്ന കാഴ്ചയാണ്. ഇനി ലീഗിൽ കിരീട പ്രതീക്ഷ വേണമെങ്കിൽ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും. ഇനിയുള്ള മത്സരങ്ങളിൽ തോറ്റാല്‍ തീർച്ചയായും ഇത്തവണ ലാലിഗ കിരീടം നേടാൻ കാറ്റാലന്‍മാര്‍ക്ക് കഴിയില്ല.
ഡിസംബര്‍ 22ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഈ മത്സരം ലീഗിലെ ബാഴ്‌സലോണയുടെ നിർണായക പോരാട്ടമാകും.