ഹൈദരാബാദ്: പാകിസ്ഥാൻ-ബംഗ്ലാദേശ്, ഇംഗ്ലണ്ട്-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ശേഷം ഐസിസി ടെസ്റ്റ് താരങ്ങളുടെ റാങ്കിങ് ലിസ്റ്റ് പുറത്തിറക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസം മികവ് പുലർത്തിയിരുന്നില്ല. രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 54 റൺസ് മാത്രമാണ് ബാബർ നേടിയത്. ഇതോടെ ടെസ്റ്റ് പ്ലെയർ റാങ്കിങ്ങിൽ താരത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
2019 ഡിസംബർ മുതൽ ലിസ്റ്റില്‍ ഇടംപിടിച്ച ബാബർ അസം ആദ്യമായി ആദ്യ പത്തിൽ നിന്ന് പുറത്തായി. 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊഹമ്മദ് റിസ്‌വാൻ ആദ്യ പത്തിൽ ഇടംനേടി. ബാബർ അസം തന്‍റെ അവസാന 16 ഇന്നിങ്സുകളിൽ ഒന്നിൽ പോലും അർദ്ധ സെഞ്ച്വറി കടന്നിട്ടില്ല. അതേസമയം, ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാമതെത്തി.
ശ്രീലങ്കൻ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ജോ റൂട്ട് റാങ്കിങ്ങിൽ അതിവേഗം ഉയർന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന അലസ്റ്റർ കുക്കിന്‍റെ റെക്കോർഡും താരം മറികടന്നു.
ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ രണ്ടാം സ്ഥാനത്താണ്. ന്യൂസിലൻഡിന്‍റെ ഡാരി മിച്ചൽ, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത്, ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാം സ്ഥാനത്താണ്.വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്ക്ക് പിന്നില്‍ എട്ടാം സ്ഥാനത്താണ്.