ഡാളസ്: ടി20 ലോകകപ്പില്‍ യുഎസിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തി പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബര്‍ അസം. മത്സരത്തിലെ രണ്ട് പവര്‍പ്ലേയും പാകിസ്ഥാൻ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും മുതലെടുക്കാൻ സാധിച്ചില്ലെന്ന് ബാബര്‍ അസം അഭിപ്രായപ്പെട്ടു. ഡാളസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനായിരുന്നു പാകിസ്ഥാൻ യുഎസിനോട് പരാജയപ്പെട്ടത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് പാക് സ്കോറിനൊപ്പം യുഎസ് എത്തിയത്. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ യുഎസ് ഉയര്‍ത്തിയ 19 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 13 റണ്‍സേ നേടാൻ സാധിച്ചുള്ളു.
മത്സരത്തിന് ശേഷമായിരുന്നു തോല്‍വിയില്‍ സഹതാരങ്ങള്‍ക്കെതിരെ ബാബര്‍ പ്രതികരിച്ചത്. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും മത്സരത്തില്‍ ഉത്തരവാദിത്തം കാട്ടാൻ സാധിച്ചില്ലെന്ന് ബാബര്‍ പറഞ്ഞു. ബാബര്‍ അസമിന്‍റെ വാക്കുകള്‍ ഇങ്ങനെ...
'മത്സരത്തില്‍ പവര്‍പ്ലേകള്‍ ഞങ്ങള്‍ക്ക് മുതലാക്കാനായില്ല. ബാറ്റ് ചെയ്യുമ്പോള്‍ ഇടയ്‌ക്കിടെ വിക്കറ്റുകള്‍ നഷ്‌ടമായിക്കൊണ്ടിരുന്നത് ടീമിനെ നല്ലതുപോലെ പ്രതിരോധത്തിലാക്കി. ബാറ്റിങ്ങില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
ബൗളിങ്ങിലും പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കാൻ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരും വിക്കറ്റ് നേടുന്നതില്‍ പിന്നിലായി. അതുകൊണ്ട് തന്നെയാണ് മത്സരത്തില്‍ ഞങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാൻ സാധിക്കാതെ പോയത്. ഈ മത്സരത്തിന്‍റെ മുഴുവൻ ക്രെഡിറ്റും യുഎസ് അര്‍ഹിക്കുന്നു. മൂന്ന് മേഖലയിലും അവര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു'- ബാബര്‍ അസം പറഞ്ഞു.
മത്സരത്തില്‍ പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍ ആയത് ബാബര്‍ അസം ആണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ പാകിസ്ഥാന് വേണ്ടി ഓപ്പണറായി ക്രീസിലെത്തിയ ബാബര്‍ 43 പന്തില്‍ 44 റണ്‍സ് നേടിയായിരുന്നു മടങ്ങിയത്.
അതേസമയം, യുഎസിനോടേറ്റ തോല്‍വി പാകിസ്ഥാന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ തുലാസില്‍ ആക്കിയിരിക്കുകയാണ്. ഗ്രൂപ്പില്‍ ഇന്ത്യയ്‌ക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം. ഈ മത്സരത്തിലും ജയിക്കാൻ സാധിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍റെ കാര്യങ്ങള്‍ കട്ടപ്പുറത്താകും. കാനഡ, അയര്‍ലന്‍ഡ് ടീമുകളെയാണ് അവസാന രണ്ട് മത്സരങ്ങളില്‍ ബാബറിനും കൂട്ടര്‍ക്കും നേരിടേണ്ടത്.