പാരിസ് : പാരിസ് ഒളമ്പിക്‌സ് ആവേശം പടിവാതിക്കല്‍ എത്തി നില്‍ക്കേ തന്നെ മികവ് കാട്ടി ഇന്ത്യന്‍ സ്റ്റീപ്പിള്‍ചേസ് താരം അവിനാഷ് സാബ്ലെ. ഡയമണ്ട് ലീഗിലെ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പോരിനിറങ്ങിയ താരം തന്‍റെ തന്നെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോഡ് തിരുത്തിയാണ് ട്രാക്കില്‍ നിന്നും തിരികെ കയറിയത്. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ 8 മിനിറ്റ് 9.91 സെക്കൻഡില്‍ ഫിനിഷ് ചെയ്‌ത താരം മത്സരത്തിലെ ആറാം സ്ഥാനക്കാരനായി.
എട്ട് മിനിറ്റ് 11.20 സെക്കൻഡ് എന്ന തന്‍റെ റെക്കോഡാണ് പാരിസ് ഡയമണ്ട് ലീഗില്‍ താരം മറികടന്നത്. പത്താം തവണയാണ് അവിനാഷ് സാബ്ലെ ദേശീയ റെക്കോഡ് തിരുത്തിക്കുറിക്കുന്നത്. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ശേഷം അവിനാഷ് കാഴ്‌ചവയ്‌ക്കുന്ന ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് സാബ്ലെ.
അതേസമയം, മത്സരത്തില്‍ എത്യോപ്യയുടെ അബ്രഹാം സൈമാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. എട്ട് മിനിറ്റ് 2.36 സെക്കന്‍ഡിലായിരുന്നു താരത്തിന്‍റെ ഫിനിഷിങ്. കെനിയൻ താരം അമോസ് സെറമിനാണ് വെള്ളി.
Also Read : ഒമ്പതാംക്ലാസുകാരി ധിനിധി ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിലെ 'ബേബി'