ബാര്‍ബഡോസ് : ടി20 ലോകകപ്പില്‍ കരുത്തന്മാരായ ഓസ്‌ട്രേലിയക്കും ജയത്തുടക്കം. ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ കുഞ്ഞന്മാരായ ഒമാനെതിരെ 39 റണ്‍സിന്‍റെ ജയമാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ 164 റണ്‍സില്‍ എറിഞ്ഞ് പിടിച്ചെങ്കിലും മറുപടി ബാറ്റിങ്ങില്‍ ഒമാന്‍റെ പോരാട്ടം 9 വിക്കറ്റ് നഷ്‌ടത്തില്‍ 125 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഓള്‍റൗണ്ട് മികവാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായത്. ബാറ്റുകൊണ്ട് 36 പന്ത് നേരിട്ട് പുറത്താകാതെ 67 റണ്‍സ് നേടിയ സ്റ്റോയിനിസ് ബൗളിങ്ങില്‍ മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവരും മത്സരത്തില്‍ ഓസ്ട്രേലിയക്കായി തിളങ്ങി.
ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ നടന്ന കളിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയക്ക് ഗംഭീര തുടക്കമൊന്നുമായിരുന്നില്ല ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ആയിരുന്നു അവര്‍ക്ക് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ നഷ്‌ടമാകുന്നത്. 10 പന്തില്‍ 12 റണ്‍സ് മാത്രം നേടിയ ഹെഡ് ബിലാല്‍ ഖാന്‍റെ പന്തില്‍ ഖാലിദ് കൈലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
ക്യാപ്‌റ്റൻ മിച്ചല്‍ മാര്‍ഷ് ഡേവിഡ് വാര്‍ണറിനൊപ്പം ഓസീസ് സ്കോര്‍ 50ലേക്ക് എത്തിച്ചു. ഒൻപതാം ഓവറില്‍ മെഹ്‌റൻ ഖാന്‍റെ ഇരട്ടപ്രഹരം. മിച്ചല്‍ മാര്‍ഷും (14) ഗ്ലെൻ മാക്‌സ്‌വെല്ലും (0) അടുത്തടുത്ത പന്തുകളില്‍ പുറത്ത്.
ഇതോടെ 50-3 എന്ന നിലയിലേക്ക് പരുങ്ങിയ ഓസീസിനെ കൈപിടിച്ചുയര്‍ത്തിയത് മാര്‍ക്കസ് സ്റ്റോയിനിസ് ഡേവിഡ് വാര്‍ണര്‍ സഖ്യം. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കരുതലോടെ കളിച്ച ഡേവിഡ് വാര്‍ണറിനെ (51 പന്തില്‍ 56) 19-ാം ഓവറിലാണ് ഓസ്‌ട്രേലിയക്ക് നഷ്‌ടമായത്.
തകര്‍ത്തടിച്ച മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ 36 പന്തില്‍ 67 റണ്‍സ് സ്വന്തമാക്കി. ടിം ഡേവിഡ് (9) ആണ് ഓസീസ് നിരയില്‍ പുറത്തായ മറ്റൊരു താരം. മത്സരത്തില്‍ ഒമാനായി മെഹ്റൻ ഖാൻ രണ്ടും ബിലാല്‍ ഖാൻ, കലീമുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ തുടക്കത്തില്‍ തന്നെ തകര്‍ന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടമായി. പ്രതീക് അതവാലെ (0), കശ്യപ് പ്രചാപതി (7), ക്യാപ്‌റ്റൻ അക്വിബ് ഇല്യാസ് (18) എന്നിവരാണ് ആദ്യമേ മടങ്ങിയത്.
സീഷാൻ മഖ്‌സൂദ് (1), ഖാലിദ് കൈല്‍ (8), ഷൊയ്‌ബ് ഖാൻ (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. അയാൻ ഖാൻ (36), മെഹ്‌റാൻ ഖാൻ (16 പന്തില്‍ 27) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഒമാന്‍റെ തോല്‍വി ഭാരം കുറച്ചത്. ഷകീല്‍ അഹമ്മദ് 11 റണ്‍സ് നേടി. കലീമുള്ള (6), ബിലാല്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി സ്റ്റോയിനിസ് മൂന്നും സ്റ്റാര്‍ക്ക്, നാഥൻ എല്ലിസ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.