ഡര്‍ബൻ: ഓസ്‌ട്രേലിയക്കെതിരായ അയര്‍ലന്‍ഡിന്‍റെ ആദ്യ ദ്വിരാഷ്‌ട്ര പരമ്പര പ്രതിസന്ധിയില്‍. സാമ്പത്തികബുദ്ധിമുട്ടിനെ തുടര്‍ന്ന് പരമ്പര മാറ്റിവയ്‌ക്കാൻ അയര്‍ലന്‍ഡ് ആലോചിക്കുന്നതായി ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് മുന്‍പ് വരുന്ന ഓഗസ്റ്റ് സെപ്‌റ്റംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയ അയര്‍ലന്‍ഡില്‍ മൂന്ന് ഏകദിനങ്ങളും ഒരു ടി20യും കളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
തിരക്കേറിയ മത്സരക്രമവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ഓസ്‌ട്രേലിയൻ പര്യടനത്തെ കുറിച്ച് പുനര്‍വിചിന്തനം ചെയ്യാൻ അയര്‍ലന്‍ഡിനെ നിര്‍ബന്ധിതരാക്കിയതെന്നാണ് സൂചന. നേരത്തെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് മുന്നോടിയായി ഒരു ഏകദിന മത്സരത്തിനായിട്ട് മാത്രമാണ് ഓസ്‌ട്രേലിയ അയര്‍ലന്‍ഡിലേക്ക് വന്നിട്ടുള്ളത്.
വരും മാസങ്ങളില്‍ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകള്‍ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി അയര്‍ലന്‍ഡിലേയ്‌ക്ക് എത്തുന്നുണ്ട്. കൂടാതെ, സ്കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ് ടീമുകളും പങ്കെടുക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കും അയര്‍ലന്‍ഡാണ് വേദിയൊരുക്കുന്നത്. കൂടാതെ, സിംബാബ്‌വെയില്‍ ടെസ്റ്റ് ഏകദിന മത്സരങ്ങള്‍ക്കായും അയര്‍ലന്‍ഡ് സംഘം പര്യടനം നടത്തും.
ഇംഗ്ലണ്ട്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് വനിത ടീമുകളും അയര്‍ലന്‍ഡില്‍ പര്യടനം നടത്താൻ പദ്ധതിയിടുന്നുണ്ട്. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ അയര്‍ലന്‍ഡിന്‍റെ ഹോം മത്സരക്രമം പുറത്തുവിടുമെന്നാണ് വിലയിരുത്തല്‍.
കൊവിഡിന് ശേഷം അയര്‍ലന്‍ഡില്‍ ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായാണ് വര്‍ധിച്ചതെന്ന് ക്രിക്കറ്റ് അയർലൻഡ് ഹൈ പെർഫോമൻസ് ഡയറക്ടർ റിച്ചാർഡ് ഹോൾഡ്‌സ്‌വർത്ത് വ്യക്തമാക്കി. ഗ്രൗണ്ടുകള്‍ക്ക് താത്കാലിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും ഹോട്ടലുകളുടെ വിലയിലുമെല്ലാമാണ് വര്‍ധനവ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്ഥിതി ഇങ്ങനെയാണെങ്കിലും ഓസ്‌ട്രേലിയൻ പര്യടനം ഇംഗ്ലണ്ടിലേക്ക് മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ആ സമയത്ത്, ഇംഗ്ലണ്ടിനും തിരക്കേറിയ ഷെഡ്യൂള്‍ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയെ പോലൊരു ടീമുമായി ചെറിയ കൗണ്ടി ഗ്രൗണ്ടില്‍ കളിപ്പിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' - റിച്ചാർഡ് ഹോൾഡ്‌സ്‌വർത്ത് പറഞ്ഞു. ഐസിസി ഫണ്ടിങ്ങ് പൂര്‍ണമായും വിനിയോഗിക്കാൻ സാധിച്ചാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്‌തു തീര്‍ക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read : ഐപിഎല്‍ മതിയാക്കാൻ ദിനേശ് കാര്‍ത്തിക്? ഈ സീസണോടെ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്