ലോസ് ആഞ്ചലസ്: അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ കോസ്റ്ററിക്കയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന (Argentina vs Costa Rica Highlights). ക്യാപ്റ്റന്‍ ലയണല്‍ മെസി (Lionel Messi) ഇല്ലാതെയിറങ്ങിയ അര്‍ജന്‍റീനയ്‌ക്ക് എതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ കോസ്റ്ററിക്ക രണ്ടാം പകുതിയില്‍ മൂന്നെണ്ണം തിരികെ വാങ്ങി.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്‍റൈന്‍ ടീമിന് കഴിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ ഗതിയ്‌ക്ക് വിപരീതമായി 34-ാം മിനിട്ടില്‍ കോസ്റ്ററിക്ക ഗോളടിച്ചു. കോസ്റ്റ ഉഗ്ലൈഡാണ് ടീമിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും കോസ്റ്റോറിക്ക പ്രതിരോധം അര്‍ജന്‍റീനയെ പിടിച്ച് കെട്ടി.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ കോസ്റ്ററിക്കയ്‌ക്ക് ലോക ചാമ്പ്യന്മാരുടെ ആദ്യ തിരിച്ചടി വന്നു. 52-ാം മിനിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് (Angel Di Maria) ഗോളടിച്ചത്. ഫ്രീ കിക്കിലൂടെയായിരുന്നു താരം ലക്ഷ്യം കണ്ടത്. നാല് മിനിട്ടുകള്‍ക്കകം കോസ്റ്ററിക്കയുടെ വലയില്‍ വീണ്ടും പന്തു കയറി. 56-ാം മിനിട്ടില്‍ അലക്സിസ് മക് അലിസ്റ്ററാണ് അര്‍ജന്‍റീനയ്‌ക്ക് ലീഡ് സമ്മാനിച്ചത്.
പകരക്കാരനായെത്തിയ ലൗതാരോ മാര്‍ട്ടിനെസാണ് ലോക ചാമ്പ്യന്മാരുടെ ഗോള്‍ പട്ടിക തികച്ചത്. 77-ാം മിനിട്ടിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍ നേട്ടം. മത്സരത്തിന്‍റെ 75 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്‍റീനയായിരുന്നു. 23 ഷോട്ടുകളാണ് കോസ്റ്ററിക്കയ്‌ക്ക് എതിരെ ടീം തൊടുത്തത്.
ബ്രസീലും സ്‌പെയ്‌നും ഒപ്പത്തിനൊപ്പം: മറ്റൊരു സൗഹൃദ മത്സരത്തില്‍ ബ്രസീലും സ്‌പെയ്‌നും സമനിലയില്‍ പിരിഞ്ഞു (Brazil vs Spain Highlights). സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തില്‍ മൂന്ന് വീതം ഗോളുകളാണ് ഇരു ടീമുകളും അടിച്ചത്. രണ്ട് ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു ബ്രസീല്‍ ഒപ്പമെത്തിയത്. മത്സരത്തിലെ മൂന്ന് ഗോളുകള്‍ വന്നത് പെനാല്‍റ്റിയില്‍ നിന്നാണ്.
മത്സരത്തിന്‍റെ 11-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി റോഡ്രി സ്‌പെയ്‌നെ മുന്നിലെത്തിച്ചു. 36-ാം മിനിട്ടില്‍ ഡാനി ഓല്‍മോയിലൂടെ ടീം ലീഡുയര്‍ത്തി. എന്നാല്‍ നാല് മിനിട്ടുകള്‍ക്കകം ഒരു ഗോള്‍ മടക്കാന്‍ കാനറികള്‍ക്കായി. സ്‌പാനിഷ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് റോഡ്രിഗോയാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയില്‍ 50-ാം മിനിട്ടില്‍ എൻഡ്രിച്ചിലൂടെ ബ്രസീല്‍ ഒപ്പമെത്തി.
എന്നാല്‍ 87-ാം മിനിട്ടില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റിയിലൂടെ റോഡ്രി വീണ്ടും സ്‌പെയ്‌നെ മുന്നിലെത്തിച്ചു. തോല്‍വി മുന്നില്‍ കണ്ടിരിക്കെ ലഭിച്ച 96-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് കാനറികള്‍ മത്സരം സമനിലയിലാക്കിയത്. ലൂക്കാസ് പാക്വെറ്റയായിരുന്നു ഗോളടിച്ചത്.
വംശീയതയ്‌ക്ക് എതിരായ ക്യാമ്പെയ്‌ന്‍റെ ഭാഗമായി ആയിരുന്നു ബ്രസീല്‍- സ്‌പെയ്‌ന്‍ ടീമുകള്‍ കളത്തില്‍ ഇറങ്ങിയത്. റയൽ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയർ തുടര്‍ച്ചയായി വംശീയാധിക്ഷേപത്തിന് വിധേയനാവുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മത്സരം സംഘടിപ്പിച്ചത്.