മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി (India vs England) മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) നടത്തുന്നത്. നിലവില്‍ പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തും 22-കാരനുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഉള്‍പ്പടെ 565 റൺസാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്.
ഇപ്പോഴിതാ യശസ്വിയ്‌ക്ക് മുമ്പില്‍ ഒരു വമ്പന്‍ നിര്‍ദേശം വച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ. ടീം ഇന്ത്യയ്‌ക്കായി പന്തുകൊണ്ടും സംഭാവന നല്‍കാനാണ് യശസ്വിയോട് അനില്‍ കുംബ്ലെ പറഞ്ഞിരിക്കുന്നത്. യശസ്വി ഉള്‍പ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് കുംബ്ലെയുടെ വാക്കുകള്‍.
ഇന്ത്യന്‍ ടീമിലേക്ക് എത്തും മുമ്പ് ലെഗ് സ്പിൻ കൈകാര്യം ചെയ്‌തിട്ടുള്ള യശസ്വി, തനിക്ക് കുറച്ച് ഓവറുകള്‍ നല്‍കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ആവശ്യപ്പെടണമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. "ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങില്‍ മികച്ച പ്രകടനം തന്നെയാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ എപ്പോഴും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അത് നിങ്ങളിലെ സ്വാഭാവികമായ ലെഗ് സ്പിന്‍ ആണ്.
അതൊരിക്കലും ഉപേക്ഷിക്കരുത്. കാരണം എപ്പോഴാണത് പ്രയോജനപ്പെടുകയെന്ന് നിങ്ങള്‍ക്ക് അറിയാനാവില്ല. നിങ്ങള്‍ക്ക് നടുവിന് വേദന ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ, എനിക്ക് പറയാനുള്ളത് എന്നാലും പരിശ്രമിക്കുക എന്ന് തന്നെയാണ്. കുറച്ച് ഓവറുകള്‍ തന്നെ പന്തേല്‍പ്പിക്കാന്‍ ക്യാപ്റ്റനോട് ആവശ്യപ്പെടുക" -അനില്‍ കുംബ്ലെ പറഞ്ഞു.
ക്യാപ്റ്റനോട് എപ്പോഴും പന്ത് ചോദിക്കാറുണ്ടെന്നും തന്നോട് റെഡി ആവാനാണ് അപ്പോള്‍ അദ്ദേഹം പറയാറുള്ളതെന്നുമാണ് കുംബ്ലെയുടെ നിര്‍ദേശത്തിന് യശസ്വി ജയ്‌സ്വാള്‍ മറുപടി നല്‍കിയത്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ നിലവില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിയിടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് വിശാഖപട്ടണത്തും രാജ്‌കോട്ടിലും നടന്ന മത്സരങ്ങളില്‍ ആതിഥേയര്‍ കനത്ത തിരിച്ചടി നല്‍കി. വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 343 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയം നേടിയത്.
ALSO READ: സെല്‍ഫ്‌ലെസ് സർഫറാസ്...കന്നി ടെസ്റ്റില്‍ ബാറ്റ് കൊണ്ടും സ്‌നേഹം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന് താരം
വിശാഖപട്ടണം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 290 പന്തുകളില്‍ 209 റണ്‍സടിച്ച യശസ്വി രാജ്‌കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു ഡബിളടിച്ചത്. പുറത്താവാതെ 236 പന്തില്‍ 214 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. രാജ്‌കോട്ടില്‍ ഇന്ത്യ നേടിയ 434 റണ്‍സിന്‍റെ വിജയം ടീമിന്‍റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 122 റണ്‍സില്‍ പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ പൊളിച്ചത്.