ആന്ധ്രാപ്രദേശ്: ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷനെതിരെ വിമര്‍ശനവുമായി ടിഡിപി അധ്യക്ഷനും മുൻ എപി മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു (N Chandrababu naidu). ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്ര ക്രിക്കറ്റ് ടീമിനെ ഇനി ഒരിക്കലും പ്രതിനിധീകരിക്കില്ലെന്ന ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച എൻ ചന്ദ്രബാബു നായിഡു, വൈഎസ്ആർസിപിയുടെ പ്രതികാര രാഷ്‌ട്രീയത്തിന് മുന്നില്‍ ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷൻ കീഴടങ്ങിയെന്ന് വിമര്‍ശിച്ചു.
തന്‍റെ എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ആന്ധ്ര ക്രിക്കറ്റ് ടീമിനായി 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനായ ക്രിക്കറ്റ് താരം ഹനുമ വിഹാരിയെ അന്യായമായി ടാർഗെറ്റ് ചെയ്‌തതായി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചു (Andhra Cricket Association).
'വൈഎസ്ആർസിപിയുടെ പ്രതികാര രാഷ്‌ട്രീയത്തിന് മുന്നില്‍ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പോലും കീഴടങ്ങിയതിൽ നിരാശ തോന്നുന്നു. ഹനുമാ, നിങ്ങള്‍ ശക്തമായി നിലകൊള്ളൂ, ഗെയിമിനോടുള്ള നിങ്ങളുടെ സമഗ്രതയും പ്രതിബദ്ധതയും ഞങ്ങള്‍ക്കറിയാം. ഈ അന്യായമായ പ്രവൃത്തികൾ ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും, നീതി വിജയിക്കും' മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നത്തിനു പിന്നാലെയാണ് ആന്ധ്ര ക്രിക്കറ്റ് ടീമിനെ ഇനി ഒരിക്കലും പ്രതിനിധീകരിക്കില്ലെന്ന ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തീരുമാനം. ‘ആത്മാഭിമാനം നഷ്‌ടപ്പെട്ടു ടീമിൽ തുടരുന്നതിൽ അർഥമില്ല’ എന്ന് വിഹാരി തന്‍റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു (Hanuma Vihari).
വിഹാരിയുടെ ക്യാപ്റ്റൻസിയിലാണ് രഞ്ജി ട്രോഫിയിൽ ആന്ധ്ര ടീം ഇറങ്ങിയത്. ബംഗാളിനെതിരായ മത്സരത്തിൽ ടീമിലെ ഒരു താരത്തെ വിഹാരി ശകാരിച്ചിരുന്നു. ഈ താരം രാഷ്‌ട്രീയ നേതാവായ തന്‍റെ അച്ഛനോടു പരാതിപ്പെടുകയും അദ്ദേഹം വഴി വിഹാരിക്കെതിരെ നടപടിയെടുക്കാൻ അസോസിയേഷനിൽ സമ്മർദം ചെലുത്തുകയും ചെയ്തു. തുടർന്നാണ് വിഹാരി ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.
അതേസമയം സംഭവത്തിന്‍റെ ഒരു വശം മാത്രമാണ് വിഹാരി പറഞ്ഞതെന്ന് അവകാശപ്പെട്ട് ആന്ധ്ര താരം പൃഥ്വിരാജ് രംഗത്തെത്തി. തന്നെ താരങ്ങൾക്ക് ഇടയിൽവച്ച് അപമാനിക്കുകയാണ് വിഹാരി ചെയ്തതെന്നും പൃഥ്വിരാജ് അവകാശപ്പെട്ടു.
രഞ്ജി ട്രോഫി പോരാട്ടത്തിനിടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്‌ടമായതിനു പിന്നാലെ ഇനി ആന്ധ്രയ്ക്കായി കളിക്കില്ലെന്നു ഹനുമ വിഹാരി പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് താന്‍ ഇനി ആന്ധ്രയ്ക്കായി കളിക്കില്ലെന്നു വിഹാരി തുറന്നടിച്ചത്.
സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. തുടര്‍ന്ന് ഹനുമ വിഹാരിക്കെതിരെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിറക്കി.
വിഹാരിയുടെ സഹ താരങ്ങളോടുള്ള മോശം പെരുമാറ്റമാണ് കാര്യങ്ങളെ ഈ നിലയ്ക്ക് എത്തിച്ചത് എന്നാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ബംഗാളിനെതിരായ രഞ്ജി പോരാട്ടത്തിനു പിന്നാലെ ടീമിലെ ഒരു താരത്തെ മാത്രം നായകന്‍ പരസ്യമായി കുറ്റപ്പെടുത്തി. മറ്റ് താരങ്ങള്‍ക്ക് മുന്നില്‍ വച്ച് ഈ താരത്തോടെ വളരെ മോശമായ രീതിയില്‍ പെരുമാറി. വിഹാരിയുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്ന താരം അസോസിയേഷനില്‍ പരാതി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
ടീമിലെ മറ്റു ചില താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ ചില അംഗങ്ങള്‍ തുടങ്ങി പലരും താരത്തെ കുറിച്ചു പരാതി നല്‍കിയിരുന്നു. മോശം പെരുമാറ്റവും തെറ്റായ രീതിയിലുള്ള സംസാരങ്ങളുമെല്ലാം വിഹാരിയുടെ ഭാഗത്തു നിന്നു സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി. വിഷയങ്ങളെക്കുറിച്ച് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഹനുമ വിഹാരി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ റിക്കി ഭുയിയാണ് ആന്ധ്രയുടെ പുതിയ ക്യാപ്റ്റൻ.