മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പില്‍ പുതിയ റോളിലാവും എത്തുകയെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) ക്യാപ്റ്റന്‍ എംഎസ് ധോണി (MS Dhoni) നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ റോള്‍ എന്താണെന്ന് 42-കാരനായ ധോണി വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ഇതുസംബന്ധിച്ച് ഏറെ ചര്‍ച്ചകളാണ് ആരാധകര്‍ നടത്തിയത്.
ഇതില്‍ ഒന്നായിരുന്നു ധോണി ഓപ്പണറായി എത്തുമോയെന്നത്. ടീമിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ്‌ക്ക് പരിക്കേറ്റതായിരുന്നു ആരാധകരെ ഇത്തരത്തില്‍ ചിന്തിപ്പിച്ചിരുന്നത്. എന്നാല്‍ ടോപ് ഓര്‍ഡറിലേക്ക് ധോണി എത്താന്‍ സാധ്യതയില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ചെന്നൈയുടെ മുന്‍ താരം അമ്പാട്ടി റായിഡു (Ambati Rayudu).
കഴിഞ്ഞ സീസണില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഏറെ താഴെയിറങ്ങി കളിച്ച ധോണി പുതിയ സീസണിലും യുവതാരങ്ങള്‍ക്ക് തന്നെയാവും ടോപ് ഓര്‍ഡറില്‍ അവസരം നല്‍കുകയെന്നാണ് റായിഡു പറയുന്നത്. "ധോണിയെ അറിയുകയും കഴിഞ്ഞ കുറച്ച് സീസണുകളില്‍ എന്താണ് നടന്നതെന്ന് അറിയുകയും ചെയ്യുന്നതിനാല്‍ ധോണി ടോപ് ഓര്‍ഡറിലേക്ക് എത്തില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
അവിടെ യുവ താരങ്ങള്‍ക്ക് ആയിരിക്കും അദ്ദേഹം അവസരം നല്‍കുക. ബാറ്റിങ് ഓര്‍ഡറില്‍ താഴെ നിന്ന് ഒരുപക്ഷേ, ഒന്നോ രണ്ടോ സ്ഥാനം മുകളിലേക്ക് ഉയര്‍ന്നേക്കാം. പക്ഷേ, ഒരിക്കലും ടോപ് ഓര്‍ഡറിലേക്ക് എത്തില്ല"- അമ്പാട്ടി റായിഡു പറഞ്ഞു.
പരിക്കിന്‍റെ പിടിയിലായിരുന്നുവെങ്കിലും ചെന്നൈയെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞ സീസണില്‍ ധോണിയ്‌ക്ക് കഴിഞ്ഞിരുന്നു. പരിക്ക് മാറി പുതിയ സീസണിനായി കൂടുതല്‍ ചെറുപ്പത്തോടെ താരം ഇതിനകം തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നീളന്‍ മുടിയില്‍ പരിശീലനത്തിന് ഇറങ്ങിയ ധോണിയുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സീസണിന്‍റെ ആദ്യ മത്സരത്തില്‍ തന്നെ വിരാട് കോലിയും എംഎസ് ധോണിയും നേര്‍ക്കുനേര്‍ എത്തുന്നത് ആരാധകരുടെ ആവേശം കൂട്ടും. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ നടക്കുന്നത്. ആദ്യത്തെ 15 ദിവസങ്ങളിലെ ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ALSO READ: 'വിരാട് കോലിക്കൊപ്പം ബാബർ അസം ആർസിബിയില്‍'...പാക് ആരാധകന് സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത മറുപടിയിതാ
ചെന്നൈ സ്‌ക്വാഡ് : എംഎസ് ധോണി (ക്യാപ്റ്റന്‍), മൊയിൻ അലി, ദീപക് ചഹാർ, ഡെവോൺ കോൺവേ, തുഷാർ ദേശ്‌പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ്, രാജ്വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, മതീഷ പതിരണ, അജിങ്ക്യ രഹാനെ, ഷെയ്‌ക് റഷീദ്, മിച്ചൽ സാന്‍റ്‌നർ, സിമർജീത് സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, രചിൻ രവീന്ദ്ര, ശാർദുൽ താക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, മുസ്തഫിസുർ റഹ്മാൻ, അവനീഷ് റാവു.