കോഴിക്കോട് : തിങ്ങിനിറഞ്ഞ ഗ്യാലറികളിൽ നിന്നും നിലക്കാത്ത ആരവങ്ങൾ, അണ മുറിയാത്ത ആവേശത്തിനൊപ്പം ചന്തം നിറഞ്ഞ കാൽപന്തുകളിയും ഒത്തു ചേർന്നതോടെ മാവൂരിലെ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരം കാണികൾക്ക് മറക്കാനാവാത്ത അനുഭവമായി.
കെഎംജി മാവൂർ സംഘടിപ്പിച്ച ഒന്നാമത് അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റാണ് കാണികൾക്ക് ആവേശം നിറഞ്ഞ വിരുന്നായി മാറിയത്. ഏറെ കാലത്തിന് ശേഷം മാവൂരിൽ വീണ്ടുമെത്തിയ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആദ്യ കളി കാണുന്നതിന്
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴായിരത്തോളം പേരാണ് കൽപള്ളി ഫ്ലഡ് ലൈറ്റ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
32 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിന്‍റെ ആദ്യ കളിയിൽ സെവൻസ് ഫുട്ബോൾ രംഗത്തെ കരുത്തരായ കെഎഫ്‌സി കാളികാവ്, ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമായാണ് ഏറ്റുമുട്ടിയത്. ഓരോ മിനിറ്റും ആവേശം നിറഞ്ഞ മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് കെഎഫ്‌സി കാളികാവ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി.
ടൂർണമെന്‍റിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് സ്‌റ്റേഡിയത്തിൽ സംഘാടകർ ഒരുക്കിയത്. ഹർഷം 2024 എന്ന് പേരിട്ട ടൂർണമെന്‍റ് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്‌തു. എസ്എഫ്എ സംസ്ഥാന പ്രസിഡന്‍റെ കെ ലെനിൻ പതാക ഉയർത്തി. ടൂർണമെന്‍റ് കമ്മറ്റി ചെയർമാൻ ടിഎം ഷമീർ ബാബു, ഹബീബ് മാസ്‌റ്റർ, റോയൽ മുസ്‌തഫ, കെടി അഹമ്മദ്‌കുട്ടി, അഡ്വ ഷമീം പക്‌സാൻ, പിടിഎ ലത്തീഫ്, വഹാബ് മാസ്‌റ്റർ, ജിംഖാന അൻസാർ, കെ കൃഷ്‌ണൻകുട്ടി, ഷാഹുൽ ഹമീദ് മഞ്ചേരി, ജിനു മാവൂർ, പിഎം നൗഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി.