മൊഹാലി : ഐപിഎല്ലില്‍ (IPL 2024) പഞ്ചാബ് കിങ്‌സിനെതിരെ (Punjab Kings) കൈവിട്ട കളിയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) തിരികെ എത്തിച്ചത് ഇംപാക്‌ട് പ്ലെയര്‍ അഭിഷേക് പോറെലാണ് (Abishek Porel). ആദ്യം ബാറ്റ് ചെയ്യവെ ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മധ്യനിര തകര്‍ന്നതോടെ ഒരു ഘട്ടത്തില്‍ വമ്പന്‍ പ്രതിരോധത്തിലേക്ക് ഡല്‍ഹി വീണു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇംപാക്‌ട് പ്ലെയറെ ഡല്‍ഹിക്ക് കളത്തിലിറക്കേണ്ടി വന്നു.
ഒമ്പതാം നമ്പറായി 21-കാരന്‍ പയ്യന്‍ അഭിഷേക് പൊറെലിനെയായിരുന്നു ടീം ക്രീസിലേക്ക് അയച്ചത്. മിന്നും പ്രകടനം നടത്തിയായിരുന്നു അഭിഷേക് പ്രതീക്ഷ കാത്തത്. 10 പന്തുകൾ മാത്രം നേരിട്ട അഭിഷേക് പുറത്താവാതെ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 32 റണ്‍സാണ് നേടിയത്. ഇതില്‍ 25 റണ്‍സ് പഞ്ചാബിന്‍റെ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel) എറിഞ്ഞ അവസാന ഓവറിലാണ് 21-കാരന്‍ അടിച്ച് കൂട്ടിയത്.
മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായിരുന്നു ഹര്‍ഷലിനെതിരെ അഭിഷേക് നേടിയത്. ആദ്യ പന്തില്‍ സ്ക്വയർ ലെഗിലേക്ക് ബൗണ്ടറിയടിച്ചുകൊണ്ടായിരുന്നു ഹര്‍ഷലിനെ അഭിഷേക് വരവേറ്റത്. രണ്ടാം വിക്കറ്റ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറന്നു. മൂന്നാം പന്തില്‍ ഒരു തകര്‍പ്പന്‍ പുള്‍ഷോട്ടിലൂടെ ബൗണ്ടറി.
നാലാം പന്തില്‍ വീണ്ടും ബൗണ്ടറിയടിച്ച അഭിഷേക് ഹര്‍ഷലിനെ കുഴക്കി. എന്നാല്‍ ഇതുകൊണ്ടും താരം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. അഞ്ചാം പന്തില്‍ വീണ്ടും അതിര്‍ത്തിക്ക് അപ്പുറം പറന്നതോടെ ഹര്‍ഷല്‍ തീര്‍ത്തും നിസ്സഹായനായി. അവസാന പന്തില്‍ ഒരു റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. രണ്ടാം റണ്‍സിന് ശ്രമിച്ച് കുല്‍ദീപ് യാദവ് റണ്ണൗട്ടായി.
ALSO READ: 'ഇന്ത നടൈ പോതുമാ, ഇന്നും കൊഞ്ചം വേണുമാ' ; കിടുക്കാച്ചി ഡാന്‍സുമായി വിരാട് കോലി - Virat Kohli
ഇതോടെ ഡല്‍ഹി നിരയില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ താരമായും ഹര്‍ഷല്‍ മാറി. നാല് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞുവെങ്കിലും 47 റണ്‍സായിരുന്നു താരം വിട്ടുനല്‍കിയത്. അഭിഷേക് മിന്നിയതോടെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞു. 25 പന്തില്‍ 33 റണ്‍സ് അടിച്ച ഷായ് ഹോപ്പാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29), മിച്ചല്‍ മാര്‍ഷ് (12 പന്തില്‍ 20), അക്‌സര്‍ പട്ടേല്‍ (13 പന്തില്‍ 21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല.