മുംബൈ : ഇംഗ്ലണ്ടിനെതിരെ (India vs England Test) ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് വിശാഖപട്ടണം ടെസ്റ്റ് നഷ്‌ടമായ കെഎല്‍ രാഹുല്‍ (KL Rahul) രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവര്‍ സ്‌ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും ഇരുവരും കളിക്കുകയെന്ന് സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. രാഹുല്‍ കളിക്കുന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും ജഡേജയുടെ കാര്യത്തില്‍ ചെറിയ ആശങ്കയുള്ളതായാണ് നിലവിലെ റിപ്പോര്‍ട്ട്.
ഇപ്പോഴിതാ ജഡേജയുടെ കാര്യത്തില്‍ സെലക്‌ടര്‍മാര്‍ തിടുക്കം കാട്ടരുതെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). ടീമില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത താരമാണ് ജഡേജ. എന്നാല്‍ ഏറെ പരിക്കില്‍ നിന്നും കരകയറുന്ന താരത്തിന്‍റെ കാര്യത്തില്‍ തിടുക്കം കാട്ടിയാല്‍ അത് തിരിച്ചടി ആയേക്കുമെന്നാണ് ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്.
"ഈ ടീമില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത താരമാണ് രവീന്ദ്ര ജഡേജ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവന് ധാരാളം പന്തെറിയേണ്ടി വരും. ബാറ്റ് ചെയ്യുകയും ഫീൽഡ് ചെയ്യുകയും വേണം. അവന്‍ ഒരു ത്രീഡി പ്ലെയറാണ്. അതുകൊണ്ടുതന്നെ അവന്‍റെ കാര്യത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക എന്നാണ് എനിക്ക് പറയാനുള്ളത്" - ആകാശ് ചോപ്ര പറഞ്ഞു.
പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലും വിരാട് കോലി ഇന്ത്യയ്‌ക്കായി കളിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങാതിരുന്ന താരം വ്യക്തിഗതമായ കാരണങ്ങളാലാണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് 35-കാരന്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നത്.
രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരെ കൂടാതെ പേസര്‍ മുഹമ്മദ് സിറാജും ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. വിശാഖപട്ടണം ടെസ്റ്റില്‍ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ബംഗാള്‍ പേസര്‍ ആകാശ് ദീപാണ് സ്‌ക്വാഡിലെ പുതുമുഖം.
ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-1ന് ഒപ്പത്തിനൊപ്പമാണുള്ളത്. ഹൈദാരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് കളി പിടിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ജസ്‌പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്,മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്(India Test Squad for England).