മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അതിന്‍റെ ക്ലൈമാക്‌സിനോട് അടുക്കുകയാണ്. വിദഗ്‌ധരും മുന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനകം തന്നെ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ മാറ്റി നിര്‍ത്തിയാണ് ആകാശ് ചോപ്ര തന്‍റെ ടീം തിരഞ്ഞെടുത്തിരിക്കുന്നത്.
ശുഭ്‌മാന്‍ ഗില്ലിനേയും റുതുരാജ് ഗെയ്‌ക്‌വാദിനേയും ആകാശ് ചോപ്ര ഒഴിവാക്കി. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഇടം നേടിയത്. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരാണ് ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്.
യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സ്‌പിന്നര്‍മാരായി ടീമിലെത്തി. ജസ്‌പ്രീത് ബുംറയെ കൂടാതെ അര്‍ഷ്‌ദീപ് സിങ്, ടി നടരാജന്‍ എന്നിവര്‍ക്കാണ് ആകാശ് ചോപ്ര പേസ് യൂണിറ്റില്‍ ഇടം നല്‍കിയിരിക്കുന്നത്.
ആകാശ് ചോപ്ര തിരഞ്ഞെടുത്ത ടി20 ലോകകപ്പ് ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, റിങ്കു സിങ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്‌ദീപ് സിങ്, ടി നടരാജന്‍.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ കളിക്കുന്ന സഞ്‌ജു സാംസണ്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാവില്ല തിരഞ്ഞെടുപ്പെന്നും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഐപിഎല്ലിന് പിന്നാലെ ജൂണില്‍ അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപനത്തിനായി ഐസിസി നല്‍കിയ അവസാന തീയതി മെയ് ഒന്നാണ്. നിലവില്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. സെലക്ഷൻ കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് അഹമ്മദാബാദിലുമുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും യോഗത്തില്‍ പങ്കെടുക്കും.