ന്യൂഡൽഹി: മിന്നും പ്രകടനം കാഴ്‌ചവെച്ച 9 വയസുകാരിയ്‌ക്ക് അഭിനന്ദനമറിയിച്ച് മാസ്‌റ്റർ ബ്ലാസ്‌റ്റർ സച്ചിൻ ടെണ്ടുൽക്കർ. മൂന്നാം ക്ലാസുക്കാരിയായ ഹർമത്ത് ഇർഷാദ് ഭട്ടിന്‍റെ ഉജ്ജ്വലമായ ഷോട്ടുകളടങ്ങുന്ന വീഡിയോ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്‌സിൽ പങ്കിട്ടിരിക്കുകയാണ് സച്ചിൻ.
ജമ്മു കശ്‌മീര്‍ സോപോറിലെ പജൽപോറ ഗ്രാമത്തില്‍ നിന്നുള്ളതാണീ കൊച്ചുമിടുക്കി. സച്ചിൻ വീഡിയോ പങ്കിട്ടതോടെ ഹർമത്തിന് ആരാധകരേറി, കൂടാതെ നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 'പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് എപ്പോഴും നല്ലതാണ്. അത്തരം വീഡിയോകൾ കാണുമ്പോൾ എന്‍റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി വിടരും', എന്ന കുറിപ്പോടെയാണ് സച്ചിന്‍ വീഡിയൊ പങ്കുവെച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ ഹർമത്ത് ഇർഷാദ് ഭട്ടിന്‍റെ പ്രതികരണവുമെത്തി. ക്രിക്കറ്റ് കളിക്കാൻ വളരെ ഇഷ്‌ടമാണെന്നും ഭാവിയിൽ തീർച്ചയായും കശ്‌മീരിനെയും രാജ്യത്തെയും അഭിമാനകരമാക്കുമെന്നും ഹർമത്ത് പറഞ്ഞു. ഉള്‍നാടന്‍ ഗ്രാമമായതിനാല്‍ തന്നെ കളിസ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങളുടെ അഭാവമുണ്ടെന്നും മകളുടെ വീഡിയോ സച്ചിൻ ടെണ്ടുൽക്കർ ഷെയർ ചെയ്‌തത് കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഹർമത്തിന്‍റെ പിതാവ് ഇർഷാദ് അഹമ്മദ് പറയുന്നു.
ALSO READ: കാലുകൊണ്ട് പന്തെറിയുക, കഴുത്തുകൊണ്ട് ബാറ്റ് ചെയ്യുക; ജമ്മു കശ്‌മീറിലെ അമീര്‍ ഹുസൈനെ അടുത്തറിയാം