ദുബായ് : ടി20 ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റിനുവേണ്ടി അപേക്ഷ നല്‍കിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു (T20 World Cup 2024 Tickets). നടപടിക്രമങ്ങള്‍ ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിലാണ് 12 ലക്ഷത്തിലധികം അപേക്ഷകള്‍ ഐസിസിക്ക് ലഭിച്ചത്. ഫെബ്രുവരി ഏഴ് വരെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ICC) ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് (T20 World Cup Ticket Applications).
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് നല്‍കുക എന്ന രീതിയിലായിരുന്നു നേരത്തെ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒടുവില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ വിദൂര സാധ്യതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഒഴിവാക്കി എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്രാവശ്യം ടിക്കറ്റ് വില്‍പ്പന നറുക്കെടുപ്പിലൂടെയാക്കിയത്.
ടി20 ലോകകപ്പിന് വേദിയൊരുക്കുന്ന അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് മേഖലകളില്‍ നിന്നാണ് ആദ്യ 48 മണിക്കൂറില്‍ ഐസിസിക്ക് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. 9,00,000 പേരാണ് ഈ മേഖലയില്‍ നിന്ന് മാത്രം അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.
ടിക്കറ്റിനായുള്ള നറുക്കെടുപ്പ് പ്രക്രിയ: tickets.t20worldcup.com എന്ന വെബ്‌സൈറ്റിലൂടെയാണ് ടി20 ലോകകപ്പ് ടിക്കറ്റിനായി ആരാധകര്‍ അപേക്ഷ നല്‍കേണ്ടത്. ഫെബ്രുവരി ഏഴ് ആന്‍റിഗ്വ പ്രാദേശിക സമയം രാത്രി 11:59 വരെ ടിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഒരു മത്സരത്തിനായി എത്ര ടിക്കറ്റുകള്‍ക്ക് വേണമെങ്കിലും അപേക്ഷ നല്‍കാം.
ഒരാള്‍ക്ക് കാണാന്‍ സാധിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടില്ല. നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ഇ-മെയിലിലൂടെ വിവരം ലഭിക്കും. ഇ-മെയിലില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് വേണം ടിക്കറ്റിന്‍റെ തുക കൈമാറേണ്ടത്.
ഇങ്ങനെ വിറ്റുപോകാത്ത ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വാങ്ങാന്‍ സാധിക്കും. ഫെബ്രുവരി 22 മുതല്‍ ഐസിസിയുടെ ഔദ്യോഗിക സൈറ്റിലൂടെയും tickets.t20worldcup.com എന്ന വെബ്‌സൈറ്റിലൂടെയുമാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. 6-25 യുഎസ് ഡോളറാണ് ടിക്കറ്റ് നിരക്ക്. ഗ്രൂപ്പ് സ്റ്റേജ്, സൂപ്പര്‍ 8, സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.
Also Read : 'എല്ലാവരേയും ഹാപ്പിയാക്കാന്‍ പറ്റില്ല...' ടി20 ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശര്‍മ
ജൂണ്‍ 1 മുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. 20 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് മത്സരങ്ങള്‍. ഇന്ത്യ പാകിസ്ഥാന്‍ ടീമുകള്‍ ഒരേ ഗ്രൂപ്പിലാണ് പോരടിക്കുന്നത്. ജൂണ്‍ 9നാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന മത്സരം.