ലോസ് ഏഞ്ചൽസ് (യുഎസ്): രാത്രിയിൽ വീട്ടിലേക്ക് നടന്നുപോകുന്ന അനുഭവം പുരുഷന്മാർക്കും സ്‌ത്രീകൾക്കും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട പഠനം പുറത്ത്. ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെൽത്ത് പ്രൊഫസർ റോബി ചാനി (Brigham Young University public health professor Robbie Chaney) നടത്തിയ പഠനമാണ് ഇരുട്ടിൽ നടക്കുമ്പോൾ പുരുഷന്മാരെക്കാൾ സ്‌ത്രീകൾ എത്രമാത്രം ജാഗരൂകരായിരിക്കുന്നു എന്നത് ശാസ്‌ത്രീയമായി കണ്ടെത്തിയത്. പഠനം തെളിയിക്കുന്ന സുരക്ഷാ ആശങ്ക സ്‌ത്രീകളുടെ അനുഭവത്തിൻ്റെ ബാക്കിപത്രമാണ്.
ചാനിയും സഹ രചയിതാക്കളായ അലിസ ബെയറും ഐഡ തോവറും പഠനത്തിൽ പങ്കെടുത്ത സ്‌ത്രീകളെയും പുരുഷന്മാരെയും യൂട്ടാ സർവകലാശാലകളിലെ നാല് കാമ്പസ് ഏരിയകളുടെ ഫോട്ടോകൾ കാണിച്ചു- യൂട്ടാ വാലി യൂണിവേഴ്‌സിറ്റി, വെസ്റ്റ്മിൻസ്റ്റർ, ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റി, യൂട്ടാ യൂണിവേഴ്‌സിറ്റി എന്നിവയുടെ ഫോട്ടോ ആയിരുന്നു അവ. തുടർന്ന് അവരോട് താൽപര്യമുള്ള ഫോട്ടോകളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു.
പുരുഷന്മാർ നേരിട്ട് അവരുടെ ഫോക്കൽ പോയിൻ്റുകളിലേക്കോ ആസൂത്രിത ലക്ഷ്യത്തിലേക്കോ ആണ് നോക്കിയത്. എന്നാൽ സ്‌ത്രീകളുടെ ശ്രദ്ധയാകട്ടെ സുരക്ഷാ ഭീഷണികളിലായിരുന്നു. തത്ഫലമായുണ്ടാകുന്ന 'ഹീറ്റ് മാപ്പുകൾ' ഈ ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആളുകൾ ചിന്തിക്കുന്നതോ അനുഭവപ്പെടുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ പ്രതിനിധീകരിക്കുന്നു എന്ന് ചാനി പറഞ്ഞു.
"ഞങ്ങൾ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ചില വ്യത്യാസങ്ങൾ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അവ ഇത്രയേറെ വ്യത്യാസപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇത് ശ്രദ്ധേയമാണ്"- ചാനി ചൂണ്ടിക്കാട്ടി. അതേസമയം വയലൻസ് ആൻഡ് ജെൻഡർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ 600 ഓളം വ്യക്തികളാണ് പങ്കെടുത്തത്.
ഇവരിൽ 56 ശതമാനം സ്‌ത്രീകളും 44 ശതമാനം പുരുഷന്മാരും ആണ്. ഓരോരുത്തരോടും 16 ചിത്രങ്ങൾ നോക്കി, ആ പ്രദേശങ്ങളിലൂടെ നടക്കുന്നതായി സങ്കൽപ്പിക്കാൻ ആവശ്യപ്പെട്ടു. ചിത്രത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ക്ലിക്കു ചെയ്യാൻ ഒരു ക്വാൽട്രിക്‌സ് ഹീറ്റ് മാപ്പ് ടൂളാണ് അവർ ഉപയോഗിച്ചത്.
പുരുഷന്മാർ പാതയിലോ ഒരു നിശ്ചിത വസ്‌തുവിലോ (വെളിച്ചം, നടപ്പാത, അല്ലെങ്കിൽ മാലിന്യക്കൂമ്പാരം പോലെ) ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സ്‌ത്രീകളുടെ വിഷ്വൽ പാറ്റേൺ ചുറ്റുമുള്ള സ്‌കാനിംഗിനെയാണ് പ്രതിനിധീകരിച്ചത് (കുറ്റിക്കാടുകൾ, പാതയോട് ചേർന്നുള്ള ഇരുണ്ട പ്രദേശങ്ങൾ).
ഒരു സ്‌ത്രീ വീട്ടിലേക്ക് നടക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ചുള്ള ചില ഉൾക്കാഴ്‌ച ഈ കണ്ടെത്തലുകൾ നൽകുന്നു എന്നും ചാനിയും അലിസ ബെയറും ഐഡ തോവറും വ്യക്തമാക്കി. ഈ പ്രൊജക്‌ട് ഏവരിലും അവബോധം കൊണ്ടുവരുന്നതിനുള്ള ഒരു മികച്ച സംഭാഷണ തുടക്കമാണെന്ന് ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിൽ അടുത്തിടെ ബിരുദ പഠനം പൂർത്തിയാക്കി നിലവിൽ വാഷിംഗ്‌ടൺ ഡിസിയിൽ ജോലി ചെയ്യുന്ന ബെയർ പറഞ്ഞു. കൃത്യമായ ഡാറ്റ ഉള്ളതിനാൽ അർഥവത്തായ പ്രവർത്തനത്തിലേക്ക് നയിക്കുന്ന സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
സ്‌ത്രീകളും പുരുഷന്മാരും പരിസ്ഥിതിയെ വ്യത്യസ്‌തമായാണ് മനസിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്യാമ്പസുകളും കമ്മ്യൂണിറ്റി പരിസരങ്ങളും നിർമ്മിക്കുന്നവർ ഇരുവരുടെയും വ്യത്യസ്‌തമായ അനുഭവങ്ങളും ധാരണകളും സുരക്ഷയും പരിഗണിക്കണമെന്നും ഈ പഠനം സൂചിപ്പിക്കുന്നു.
സ്‌ത്രീകളും പുരുഷന്മാരും ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ലാത്ത ഒരു ലോകത്ത് എന്തുകൊണ്ടാണ് നമുക്ക് ജീവിക്കാൻ കഴിയാത്തതെന്ന് ചോദിച്ച ചാനി ഡാറ്റയിലെ വിവരങ്ങൾ ഹൃദയഭേദകമാണെന്നും പറഞ്ഞു. കൂടാതെ ഈ ചിത്രങ്ങളിലെ ഹീറ്റ് മാപ്പുകൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു ലോകത്തിനായി പ്രവർത്തിക്കുന്നത് നന്നായിരിക്കും എന്നും അതാണ് പൊതുജനാരോഗ്യ അച്ചടക്കത്തിൻ്റെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.