കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ പ്രതിരോധ മേഖല ബജറ്റില്‍ ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 2020ല്‍ 4.71 ലക്ഷം കോടി, 2021ല്‍ 4.78 ലക്ഷം കോടി, 2022ല്‍ 5.25 ലക്ഷം കോടി, 2023ല്‍ 5.94 ലക്ഷം കോടി എന്നിങ്ങനെ ആയിരുന്നു പ്രതിരോധ മേഖലയ്ക്ക് മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നത്. 2024-25 ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റില്‍ 6,21,540.85 കോടി രൂപയാണ് 2024-25 വര്‍ഷത്തേക്ക് അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ വലിയ വര്‍ദ്ധനയായിരുന്നു അത്. 2023-24 വര്‍ഷത്തെ അടങ്കല്‍ തുകയില്‍ നിന്ന് 4.7 ശതമാനം വര്‍ദ്ധനയാണ് ഫെബ്രുവരിയിലെ ബജറ്റില്‍ ഉണ്ടായത്.
മൂലധന സമാഹരണം(72 ലക്ഷം കോടി രൂപ), സൈനികര്‍ക്കുള്ള വേതന ഇതര വരുമാന ചെലവിന് 92, 088 കോടി രൂപ, പെന്‍ഷന് വേണ്ടി 1.41 ലക്ഷം കോടി, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 6500 കോടി, തീരസംരക്ഷണ സേനയ്ക്ക് 7,651.80 കോടി രൂപ, ഡിആര്‍ഡിഒയ്ക്ക് 23,855 കോടി രൂപ എന്നിങ്ങനെയാണ് തുക നീക്കി വച്ചിരുന്നത്.
ഇടക്കാല ബജറ്റിന്‍റെ അല്‍പ്പം കൂടി വിശദമായതാകും ചൊവ്വാഴ്‌ച അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര ബജറ്റെന്നാണ് കരുതുന്നത്. ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ള തുകകള്‍ക്കും അപ്പുറം പ്രതിരോധ ബജറ്റില്‍ ഏഴ് മുതല്‍ ഒന്‍പത് ശതമാനം വരെ വര്‍ദ്ധന ചൊവ്വാഴ്‌ചത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ വിദഗ്‌ധരും ഈ രംഗത്തെ വ്യവസായികളും പ്രതിരോധ ഉത്പാദനത്തിനും കയറ്റുമതിക്കും ആധുനികവത്ക്കരണത്തിനും ഗവേഷണത്തിനും വികസനത്തിനും വന്‍ വിമര്‍ശനം നേരിടുന്ന അഗ്നിപഥ് പദ്ധതിയ്ക്കും മറ്റുമായി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി വന്‍ തുക നീക്കി വയ്ക്കുമെന്ന പ്രതീക്ഷയിലാണ്.
സൈന്യത്തിന്‍റെ പ്രതീക്ഷകൾ
ചൊവ്വാഴ്‌ച അവതരിപ്പിക്കുന്ന ബജറ്റില്‍ സര്‍ക്കാരിന്‍റെ ആകെ ചെലവിന്‍റെ 25 ശതമാനം പ്രതിരോധ മേഖലയ്ക്ക് നീക്കി വയ്ക്കുമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ വിലയിരുത്തല്‍. കാരണം പ്രതിരോധ രംഗത്ത് നമ്മുടെ കാര്യശേഷി കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ചൈന പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ നാം എപ്പോഴും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. പാകിസ്ഥാന്‍ വലിയൊരു ഭീഷണിയൊന്നുമല്ലെങ്കിലും പാക് അതിര്‍ത്തിയിലും നമുക്ക് മിതമായ തോതിലുള്ള സൈനിക ഒരുക്കങ്ങള്‍ അത്യാവശ്യമാണ്. പാക് അതിര്‍ത്തിയിലെ സൈനിക വിന്യാസം നിലവാരമുള്ളതാകേണ്ടതുണ്ട്.
അതേസമയം ചൈനയുമായി ഉരസിക്കൊണ്ടിരിക്കുന്നതിനാല്‍ ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും പുത്തന്‍ ആയുധങ്ങള്‍ വാങ്ങുന്നതിനും വന്‍തോതില്‍ നിക്ഷേപം നടത്തിയേ തീരൂ. ചൈനയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളുമായി പിടിച്ച് നില്‍ക്കണമെങ്കില്‍ ചൈനീസ് അതിര്‍ത്തികളില്‍ റോഡുകളും പാലങ്ങളും തുരങ്കങ്ങളും മറ്റും നിര്‍മ്മിക്കുന്ന നമ്മുടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ പണം ആവശ്യമുണ്ട്. ഇതിന് പുറമെ ആയുധങ്ങള്‍ വാങ്ങാനും പണം നീക്കി വയ്ക്കേണ്ടതുണ്ട്. ഇടക്കാല ബജറ്റിലെ 7500 കോടി അമേരിക്കന്‍ ഡോളര്‍ ചൈനയെ നേരിടാന്‍ പര്യാപ്‌തമല്ല. അതേസമയം ചൈനയുടെ 2024 ലെ പ്രതിരോധ ബജറ്റ് 23140 കോടി ഡോളറാണ്. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് പല പരിമിതികളുമുണ്ടെങ്കിലും ഇന്ത്യ പ്രതിരോധ രംഗത്തെ ചെലവുകളിലെ അപര്യാപ്‌തത പരിഹരിച്ചേ തീരൂ.
ആത്മനിര്‍ഭര്‍ ഭാരത്
പ്രതിരോധ മൂലധന സമാഹരണത്തില്‍ ആത്മനിര്‍ഭര്‍ പദ്ധതി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഭ്യന്തരമായി തന്നെ ആയുധങ്ങള്‍ നിര്‍മ്മിച്ച് സംഭരിക്കുന്ന പദ്ധതിയാണിത്. ആത്മനിര്‍ഭര്‍ ഭാരതിനുള്ള പദ്ധതി വിഹിതം 2022-23ലെ 68ശതമാനത്തില്‍ നിന്ന് 2025 ആകുമ്പോഴേക്കും 75 ശതമാനമാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ക്രിസില്‍ (CRISIL) ഡയറക്‌ടര്‍ പുശാന്‍ ശര്‍മ്മ പറയുന്നത്. 25ശതമാനം സ്വകാര്യ മേഖലയ്ക്കും മാറ്റി വയ്ക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2024ല്‍ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1,26,887 കോടി രൂപയിലെത്തിയിരുന്നു. 26,506 കോടി സ്വകാര്യ മേഖലയുടെ സംഭാവനയാണ്. അതായത് മൊത്തം ഉത്പാദനത്തിന്‍റെ 21 ശതമാനം. ഇത് 2028-29 ഓടെ മൂന്ന് ലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിരോധ മന്ത്രാലയം 122 കരാറുകളില്‍ ഒപ്പ് വച്ചു. ഈ കരാറുകളില്‍ മൊത്തം കരാര്‍ മൂല്യത്തിന്‍റെ 87ശതമാനം വരുന്ന നൂറെണ്ണവും ഇന്ത്യന്‍ വ്യവസായികളുമായാണ് ധാരണയായിട്ടുള്ളത്. ആ പശ്ചാത്തലത്തില്‍ വാര്‍ഷിക ബജറ്റിനപ്പുറം പ്രതിരോധ രംഗത്തെ സ്വയം പര്യാപ്‌തയ്ക്ക് ഇതില്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേക്ക് നിര്‍ണായകമായി ഇറക്കുമതി ചെയ്യേണ്ടതും പ്രതിരോധ പൊതു മേഖലയിലെ കമ്പനികളിലൂടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുമായ 346 തന്ത്രപ്രധാന സാമഗ്രികളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം വിജ്ഞാപനം ചെയ്‌തിരുന്നു.
കുതിക്കുന്ന പ്രതിരോധ കയറ്റുമതി
2023-24ലെ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദനം 74,739 കോടി ആയിരുന്നു. 2022-23 ൽ ഇത് 1.09 ലക്ഷം കോടി ആയിരുന്നു. 2023-24ല്‍ രാജ്യത്തെ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയിലെത്തി. 2028-29 ഓടെ രാജ്യത്തെ വാര്‍ഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫെബ്രുവരിയില്‍ പറഞ്ഞത്.
സൈനിക ഹാര്‍ഡ്‌വെയര്‍ കയറ്റുമതി അന്‍പതിനായിരം കോടി രൂപയിലെത്തും. പ്രതിരോധ ഉത്പാദനത്തില്‍ 2023-24ല്‍ സ്വകാര്യ കമ്പനികള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊട്ടുമുമ്പുള്ള എട്ട് വര്‍ഷങ്ങളിലുണ്ടായതിനെക്കാള്‍ വന്‍ വര്‍ദ്ധനയാണിത്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ ഉത്പദന മേഖലയില്‍ മൂലധന സമാഹരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
2028-29ല്‍ പ്രതിരോധ വാര്‍ഷിക ഉത്പാദനം മൂന്ന് ലക്ഷം കോടിയെന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മൂലധന സമാഹരണ ബജറ്റില്‍ പ്രതിവര്‍ഷം 25ശതമാനം എന്ന തോതില്‍ വര്‍ദ്ധനയുണ്ടാകണം. ഇതിനുള്ള നടപടികള്‍ വരും ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവര്‍. 2028-29ല്‍ പ്രതിരോധ വാര്‍ഷിക ഉത്പാദനം മൂന്ന് ലക്ഷം കോടിയെന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ 2024-25 മുതല്‍ ഇത് തുടങ്ങി വയ്ക്കേണ്ടതുണ്ട്.
അതിവേഗ ആധുനികരണം
പ്രതിരോധ ബജറ്റില്‍ വര്‍ദ്ധനയുണ്ടാകുന്നതോടെ സേനയെ ആധുനികരിക്കുന്നതിന് വേഗമാര്‍ജ്ജിക്കാനാകും. അത്യാധുനിക സാങ്കേതികതകളും ആയുധങ്ങളും അധിക വിമാനങ്ങളും നേടാനും എസ്‌യു 30 ഫ്ലീറ്റ് ആധുനീകരിക്കാനും എല്‍സിഎ-തേജസ് എംകെ1 പോലുള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തിന് അംഗീകാരം നേടാനും കര, നാവിക, വ്യോമസേനകളെ ഏകോപിപ്പിക്കാനും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍ണായക നിക്ഷേപങ്ങള്‍ നടത്താനും സാധ്യമാകും.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി ഇന്ത്യയുടെ വ്യോമയാന വ്യവസായത്തെ ആഗോളതലത്തില്‍ മത്സരക്ഷമമാക്കാനും സാധിക്കും. ഇതിനായി കൂടുതല്‍ വ്യോമ സാങ്കേതികതകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ആര്‍ ആന്‍ഡ് ഡി ഇതുവരെ തുടങ്ങാത്ത എന്‍ജിന്‍ സാങ്കേതികത അടക്കം ഇതിനായി വികസിപ്പിക്കണം.
കപ്പല്‍ നിര്‍മ്മാണ മേഖലയുടെ പ്രതീക്ഷ
കപ്പല്‍ നിര്‍മ്മാണ മേഖലയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്. പ്രതിരോധ ബജറ്റില്‍ ഈ മേഖലയ്ക്കും കരുത്തു പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ തുറമുഖ സ്വപ്‌നം 2030 പ്രകാരം ആദ്യ പത്ത് കപ്പല്‍ നിര്‍മ്മാതാക്കളില്‍ ഒന്നാകണമെന്നാണ് നമ്മുടെ ലക്ഷ്യം. 2047ഓടെ ആദ്യ അഞ്ചില്‍ ഇടംപിടിക്കണമെന്നും കണക്കുകൂട്ടുന്നു. മാരിടൈം അമൃത് കാല്‍ വിഷന്‍ എന്നാണ് ഇതിന് നാം പേരിട്ടിരിക്കുന്നത്. 2024ല്‍ ഡിആര്‍ഡിഒയിലെ ചില പരീക്ഷണ ശാലകളെങ്കിലും സ്വകാര്യവത്ക്കരിക്കുമെന്നാണ് ചില വ്യവസായികളുടെ പ്രതീക്ഷ. സാങ്കേതിക വികസനത്തിനായി ആര്‍ ആന്‍ഡ് ഡിയില്‍ പത്ത് ശതമാനം വര്‍ദ്ധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിരോധ മേഖലയെ തദ്ദേശീയവത്ക്കരിക്കുന്നതിലൂടെ നിക്ഷേപം ആകര്‍ഷിക്കാനും നിര്‍മ്മിത ബുദ്ധി. സൈബര്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, ബഹിരാകാശ രംഗത്തെ അടിസ്ഥാനമാക്കിയുള്ള മുന്നോട്ട് പോക്ക് എന്നിവ കൂടുതല്‍ ശാക്തീകരിക്കാന്‍ സാധിക്കും.
ചെലവ് കുറയ്‌ക്കുന്ന അഗ്നിപഥ്
അഗ്നിപഥ് പദ്ധതിയിലൂടെ രാജ്യത്തെ പ്രതിരോധ വേതന, പെന്‍ഷന്‍ ബില്ലുകള്‍ കുറയ്ക്കാനാകും. കോണ്‍ഗ്രസും സഖ്യകകക്ഷികളുമടക്കം വിവിധ കോണുകളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബിെജപിയുടെ സഖ്യകക്ഷികളില്‍ ചിലരും ചില മുന്‍ സൈനിക മേധവികളും പദ്ധതിയെ ചോദ്യം ചെയ്യുന്നുണ്ട്. പെന്‍ഷന്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ചൈനയും പാകിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിക്കാനും എന്നാല്‍ ഇതിനെതിരെയുള്ള തയാറെടുപ്പുകളില്‍ വിട്ടു വീഴ്‌ച വരുത്താനും കാരണമാകും.
സേവന കാലാവധി നാല് വര്‍ഷത്തില്‍ നിന്ന് എട്ട് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡോ. സിങ് ആവശ്യപ്പെടുന്നത്. സാങ്കേതിക സേവന മേഖലകളില്‍ പ്രവേശിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 ആയി നിജപ്പെടുത്തണം. ഇത്തരത്തില്‍ കുറവ് വരുന്ന പണം സേനയെ നവീകരിക്കാന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
പ്രതിവര്‍ഷം 1,054 കോടി രൂപ ലാഭം
മുഴുവന്‍ സമയ സൈനികന്‍റെ ചെലവുമായി താരതമ്യപ്പെടുത്തുമ്പോല്‍ ഒരു അഗ്നിവീറിന്‍റെ ചെലവില്‍ പ്രതിവര്‍ഷം 1.75 ലക്ഷം രൂപയുടെ കുറവുണ്ടാകുന്നുണ്ട്. അതായത് അറുപതിനായിരം അഗ്നിവീറുകളുടെ വേതന ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 1,054 കോടി രൂപ ലാഭിക്കാന്‍ സര്‍ക്കാരിനാകുന്നു. പദ്ധതി നടപ്പാക്കിയ 2022 സെപ്റ്റംബറിന് ശേഷം അവശ്യ മൂലധന ചെലവിനുള്ള അടങ്കല്‍ തുക 2022-23ല്‍ 1.43 ലക്ഷം കോടി അതായത് 24.9 ശതമാനമായും 2024-25ല്‍ 1.72 ലക്ഷം കോടിയായി, അതായത് 27.7 ശതമാനമായും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ വിമര്‍ശനം മൂലം അഗ്നിവീര്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും മാറ്റത്തിന് തയാറാകുമോ എന്ന ആശങ്ക ഈ രംഗത്തെ വിദഗ്‌ധര്‍ക്കുണ്ട്. ഇത്തരത്തിലുള്ള തീരുമാനം സേനയുടെ ആധുനികരണത്തെ പിന്നോട്ടടിക്കുമെന്നാണ് അവരുടെ വാദം.
ദക്ഷിണ ചൈനാക്കടലിലെ സംഘര്‍ഷങ്ങളും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും അടക്കം ചൈനയുമായി ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ നമ്മുടെ ഭൂമിശാസ്‌ത്ര-രാഷ്‌ട്രീയ വികസനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാറിയ സാഹചര്യത്തിലെ ആധുനിക സൈനിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സാധാരണക്കാരന്‍റെ അഭിലാഷം പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ വര്‍ദ്ധനയുണ്ടായേ തീരൂ. പ്രതിരോധ ചെലവില്‍ തുടര്‍ച്ചയായ വര്‍ദ്ധനയുണ്ടാകുന്ന തരത്തിലാകും ചൊവ്വാഴ്‌ച ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവര്‍. സ്വയം പര്യാപ്‌തയ്ക്കും കയറ്റുമതിക്കും ഊന്നല്‍ നല്‍കിയുള്ള ബജറ്റാകുമെന്നും വിലയിരുത്തുന്നു. 2047ഓടെ വികസിത ഭാരതമെന്ന സ്വപ്‌നത്തിന് ഇത് അത്യന്താപേക്ഷിതമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
(Disclaimer: ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല)
Also Read;ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; റെക്കോഡിടാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍