കാസർകോട് : സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാവുകയാണ്. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പങ്കുവയ്ക്കുകയാണ് വിദ്യാഭ്യാസ വിദഗ്‌ധനും കേന്ദ്ര സർവകാലശാല പ്രൊഫസറുമായ ഡോ. അമൃത് ജികുമാർ (Dr amruth g kumar about kerala budget).
ബജറ്റ് പ്രഖ്യാപനം വിദ്യാർത്ഥികൾക്ക് ഏതുരീതിയിൽ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരിക്കുന്ന ഉന്നത വിദ്യാഭ്യാസം ഒരിക്കലും സൗജന്യം ആയിരിക്കില്ല. സാമ്പത്തികമായി മുന്നിലുള്ള ഒരു വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സൗകര്യം സ്വന്തം നാട്ടിൽ തന്നെ ലഭ്യമായിരിക്കും. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് എന്ത് തരം പ്രയോജനം ഉണ്ടാക്കും എന്ന് കണ്ടുതന്നെ മനസിലാക്കേണ്ടി വരും.
കാരണം, അവർക്ക് ഇത്തരം സ്ഥാപനങ്ങളിൽ അഡ്‌മിഷൻ കിട്ടുക എന്നത് വലിയ ബുദ്ധിമുട്ട് ആണ്. ഏതാണ്ട് 13.2 ലക്ഷം മലയാളി വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോകുന്നത്. ഇതിന് പരിഹാരമായി ഒരേ ഒരു മാറ്റം സർക്കാർ കാണുന്നത് സ്വകാര്യവത്കരണവും വിദേശ യൂണിവേഴ്‌സിറ്റികളും മാത്രമാണോ എന്നും നിലനിൽക്കുന്ന നമ്മുടെ യൂണിവേഴ്‌സിറ്റികളെയും കോളജുകളെയും പ്രൊമോട്ട് ചെയ്‌ത് രാജ്യാന്തര തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാൻ ഉള്ള നിർദേശങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം ; ഡിജിറ്റല്‍ സര്‍വകലാശാലയ്‌ക്ക് വായ്‌പ അനുമതി
വിദ്യാഭ്യാസം എന്നുപറയുന്നത് സാമ്പത്തികമായിട്ടുള്ള കാര്യമല്ല. മറിച്ച് സാമൂഹികമായ പല തലങ്ങളുമുള്ളതാണ്. വിദേശ നിക്ഷേപവും വിദേശ സർവകലാശാലകളും വന്നാൽ ആധുനിക കാലത്ത് നിർവചിക്കപ്പെട്ടിരിക്കുന്ന ഗുണ നിലവാരത്തിന്‍റെ മാനദണ്ഡത്തെ അനുസരിച്ച് അവർ വിദ്യാഭ്യാസത്തെ ക്രമീകരിക്കും. അതിൽ സംശയം ഇല്ല. സർക്കാരിന്‍റേത് സാമ്പത്തിക നിർദേശം ആണെന്നും വിദ്യാഭ്യാസ നിർദേശം അല്ലെന്നും അമൃത് ജി കുമാർ പ്രതികരിച്ചു.